പുകവലിക്കുന്നവരിൽ COVID-19 ഗുരുതരമാകുന്നതിനും, മരണത്തിലേക്ക് നയിക്കുന്നതിനും കൂടുതൽ സാധ്യതയുള്ളതായി WHO

featured International News

പുകവലിക്കുന്നവരിൽ COVID-19, ഗുരുതരമായ രോഗബാധയും, മരണവും ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം വരെ കൂട്ടുന്നതായി ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു. അതിനാൽ കൊറോണ വൈറസിൽ നിന്നുള്ള അപകട സാധ്യതകൾ കുറയ്ക്കുന്നതിനും, ക്യാൻസർ, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി പുകവലിക്കാർക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ് പുകവലി ഉപേക്ഷിക്കുക എന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://twitter.com/WHO/status/1398574489475158021

ഈ വർഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി, ‘കമ്മിറ്റ് ടു ക്വിറ്റ്’ എന്ന ചിന്താവിഷയമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നതിനായി ഇന്ന് തന്നെ പ്രതിജ്ഞ ചെയ്യുന്നതിന് ആഹ്വാനം ചെയ്യുന്ന ഈ വർഷത്തെ പ്രമേയത്തിന്റെ കീഴിൽ, പുകയില ഉപയോഗം ഒഴിവാക്കുന്നതിന് സഹായിക്കുന്ന ക്വിറ്റിംഗ് ടൂൾകിറ്റ് ലോകാരോഗ്യ സംഘടന ഒരു ബില്യണിലധികം പുകയില ഉപയോക്താക്കൾക്ക് സൌജന്യമായി നൽകിയിട്ടുണ്ട്.

ഈ വർഷത്തെ പ്രചാരണപരിപാടികൾ ആരംഭിച്ച് കേവലം അഞ്ച് മാസത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പുകവലി ഉപേക്ഷിക്കുന്നതിലൂടെ തങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നതിന് തീരുമാനിച്ചിട്ടുള്ള ദശലക്ഷക്കണക്കിന് പുകയില ഉപഭോക്താക്കൾക്ക്, അവരുടെ ഈ തീരുമാനം വിജയകരമായി കൈവരിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിനായാണ് WHO ഈ പ്രചാരണ പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്.

ഈ പ്രചാരണപരിപാടികൾ നിലവിൽ 29 ശ്രദ്ധാകേന്ദ്ര രാജ്യങ്ങളിൽ നേരിട്ട് നടപ്പിലാക്കുന്നുണ്ട്. ഇതിൽ ഓരോ രാജ്യവും ഈ പ്രചാരണപരിപാടിയുടെ ഭാഗമായി WHO-യുമായി ചേർന്ന് ദേശീയ അവബോധ കാമ്പെയിനുകൾ നടത്തുക, പുതിയ ഡിജിറ്റൽ ഉപകരണങ്ങൾ പുറത്തിറക്കുക, നയങ്ങൾ പരിഷ്കരിക്കുക, യുവാക്കളുമായി ഇടപഴകുക, ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുക, പുതിയ ലഹരിനിർമ്മാർജ്ജന ക്ലിനിക്കുകൾ തുറക്കുക, ലോകാരോഗ്യ സംഘടന പങ്കാളികളിലൂടെ നിക്കോട്ടിൻ നിർമ്മാർജ്ജന ചികിത്സകളെ പിന്തുണയ്ക്കുക, പുകവലി ഉപേക്ഷിക്കുന്നതിന് ആഗ്രഹമുള്ളവർക്കായി ഇതിനായുള്ള ദേശീയ ടോൾ ഫ്രീ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പ്രചാരണത്തിൽ ചേരുന്നതിനും, അതിലൂടെ പുകയില വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ പങ്ക് വഹിക്കാൻ എല്ലാ രാജ്യങ്ങളോടും WHO ആഹ്വാനം ചെയ്തിട്ടുണ്ട്. പുകയില ഉപയോഗിക്കുന്നവരെ, ഇത്തരം ശീലങ്ങൾ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനും, ഈ ശീലം ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്തവരെ അതിൽ വിജയിക്കുന്നതിന് സഹായിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

WHO ക്വിറ്റ് ചലഞ്ച് ചാറ്റ്ബോട്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിജിറ്റൽ ഹെൽത്ത് വർക്കർ ഫ്ലോറൻസ് എന്നിവയും, പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്തവർക്കായി 30 ഭാഷകളിൽ ഒരുക്കിയിരിക്കുന്ന പിന്തുണ സാമഗ്രികളും ഈ പ്രചാരണപരിപാടിയുടെ ഭാഗമാണ്. പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്തവരെ ആറുമാസത്തേക്ക് പുകയില വിമുക്തമായി തുടരാൻ ആവശ്യമായ നിർദ്ദേശങ്ങളും, ഉപദേശങ്ങളും, പ്രോത്സാഹനവും നൽകുന്നതിനായാണ് WHO ക്വിറ്റ് ചലഞ്ച് ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത്. വാട്ട്‌സ്ആപ്പ്, വൈബർ, ഫേസ്ബുക്ക് മെസഞ്ചർ, വീചാറ്റ് തുടങ്ങിയവയിൽ ഇത് സൌജന്യമായി ലഭ്യമാണ്.

ആഗോളതലത്തിൽ ഏകദേശം 39 ശതമാനം പുരുഷന്മാരും 9 ശതമാനം സ്ത്രീകളും പുകയില ഉപയോഗിക്കുന്നു. ഏറ്റവും ഉയർന്ന പുകവലി നിരക്ക് യൂറോപ്പിലാണ് (26 ശതമാനം). അടിയന്തിരമായുള്ള സർക്കാർ നടപടികളുടെ അഭാവത്തിൽ 2025-ഓടെ രണ്ട് ശതമാനം മാത്രമേ ഇതിൽ കുറവ് വരുത്താൻ സാധിക്കുകയുള്ളൂ എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പുകയില നിയന്ത്രണത്തിനായി മുന്നോട്ട് വെക്കുന്ന നടപടികൾക്ക് അംഗീകാരമായി ഇന്ത്യയിലെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധനും, യുകെയിലെ ബാത്ത് സർവകലാശാലയിലെ പുകയില നിയന്ത്രണ ഗവേഷണ ഗ്രൂപ്പിനും ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രത്യേക അംഗീകാര അവാർഡുകൾ നൽകി. ഇന്ത്യയിൽ ഇ-സിഗരറ്റും, ചൂടാക്കി ഉപയോഗിക്കുന്ന പുകയില ഉൽപന്നങ്ങളും (എച്ച്ടിപി) നിരോധിക്കുന്ന 2019 ലെ ദേശീയ നിയമനിർമ്മാണത്തിൽ ഡോ. ഹർഷ വർധൻ പ്രധാന പങ്കുവഹിച്ചിരുന്നു. പുകയില നിയന്ത്രണത്തെ ദുർബലപ്പെടുത്താനോ തടയാനോ കാലതാമസം വരുത്താനോ ഉള്ള പുകയില വ്യവസായ ശ്രമങ്ങളും തന്ത്രങ്ങളും തുറന്നുകാട്ടുന്നതിനായി നിരന്തരം മുന്നോട്ട് വെച്ച പ്രവർത്തനങ്ങളെയും, ഇത് മൂലം ദേശീയതലത്തിലും, ആഗോളതലത്തിലും ഉടലെടുത്ത നയമാറ്റങ്ങളും കണക്കിലെടുത്താണ് യുകെയിലെ പുകയില നിയന്ത്രണ ഗവേഷണ ഗ്രൂപ്പ് ഈ നേട്ടത്തിനർഹരായത്.

WAM