ഷാർജ: അൽ നഹ്ദ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ ആരംഭിക്കുന്നു

UAE

അൽ നഹ്ദ മേഖലയിലെ നിവാസികളുടെ ഇടയിൽ, ജൂലൈ 5 മുതൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സൗജന്യ COVID-19 ടെസ്റ്റിംഗ് നടപടികൾ ആരംഭിക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഷാർജ പോലീസിൽ നിന്ന് ഈ മേഖലയിലെ നിവാസികൾക്ക് ഇന്നലെ വൈകീട്ട് SMS-ലൂടെ ലഭിച്ചിട്ടുണ്ട്.

ഷാർജ പോലീസിന്റെ സഹായത്തോടെ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ഈ COVID-19 സ്ക്രീനിംഗ് പരിപാടികൾ പത്ത് ദിവസം നീണ്ടുനിൽക്കുമെന്നാണ് ലഭിക്കുന്ന വിവരം. അൽ നഹ്ദ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മൊബൈൽ പരിശോധനാ കേന്ദ്രത്തിലൂടെ രാവിലെ 10 മുതൽ വൈകീട്ട് 6 വരെയാണ് പരിശോധനകൾ നടത്തുന്നത്.

പതിനെട്ട് വയസ്സിനു മുകളിലുള്ളവർക്കിടയിലാണ് പരിശോധനകൾ നടത്തുന്നത്. ഈ മേഖലയിലെ നിവാസികളോട് എമിറേറ്റ്സ് ഐഡി, പോലീസിൽ നിന്ന് ലഭിച്ച SMS എന്നിവയുമായാണ് പരിശോധനകൾക്കായി ഹാജരാകുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി നേരത്തെ അബുദാബിയിലുടനീളം ഇത്തരത്തിലുള്ള വ്യാപക COVID-19 ടെസ്റ്റിംഗ് നടപ്പിലാക്കിയിരുന്നു.