പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. യു എ ഇ ദേശീയ വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഈ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് DHA ഇക്കാര്യം അറിയിച്ചത്.
മെയ് 23-ന് രാത്രിയാണ് DHA ഇക്കാര്യം അറിയിച്ചത്. വാക്സിൻ ലഭിക്കുന്നതിനായുള്ള ബുക്കിംഗ് നടപടികൾ ഈ പ്രായപരിധിയിൽ വരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് DHA ആപ്പ് ഉപയോഗിച്ച് പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, മുൻഗണന ക്രമങ്ങൾ, വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ മുതലായ വിവരങ്ങൾ DHA ഇതോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്.
12 മുതൽ 15 വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി മുൻഗണന നൽകുന്ന വിഭാഗങ്ങൾ:
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾ.
- വിട്ടുമാറാത്ത രോഗങ്ങളുള്ളവരോടൊപ്പം താമസിക്കുന്ന കുട്ടികൾ.
- ആരോഗ്യ കാരണങ്ങളാൽ രക്ഷിതാക്കൾക്ക് വാക്സിൻ സ്വീകരിക്കാൻ നിവർത്തിയില്ലാത്ത കുടുംബങ്ങളിൽ താമസിക്കുന്ന കുട്ടികൾ.
താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പെടുക്കാൻ അനുമതിയില്ല:
- നിലവിൽ COVID-19 രോഗബാധിതരായ കുട്ടികൾ.
- COVID-19 രോഗബാധിതരായ ശേഷം പ്രത്യേക ചികിത്സകൾ ആവശ്യമായി വന്ന കുട്ടികൾ.
- വാക്സിനുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ അലർജി പോലുള്ള പ്രശ്നങ്ങളുള്ള കുട്ടികൾ.
വാക്സിനേഷൻ നടപടികളുടെ ഭാഗമായി താഴെ പറയുന്ന വിവരങ്ങൾ വാക്സിനേഷൻ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്:
- കുട്ടികളുടെ പൂർണ്ണ മെഡിക്കൽ ഹിസ്റ്ററി.
- വാക്സിൻ സ്വീകരിക്കാനുദ്ദേശിക്കുന്ന തീയ്യതിക്ക് മൂന്ന് ദിവസം മുൻപ് തൊട്ടപ്പോഴെങ്കിലും പനി പോലുള്ള രോഗലക്ഷണങ്ങൾ പ്രകടമാണെങ്കിൽ ആ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്.
- കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ അവ അധികൃതരെ അറിയിക്കേണ്ടതാണ്.
DHA-യുടെ കീഴിലുള്ള താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്:
- Latifa Women and Children Hospital.
- Hatta Hospital.
- Al Barsha Primary Healthcare Centre.
- Al Mizhar Primary Healthcare Centre.
- Zabeel Primary Healthcare Centre.
ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് രക്ഷിതാക്കൾക്ക് DHA ആപ്പ് ഉപയോഗിച്ച് പൂർത്തിയാക്കാവുന്നതാണ്.
ഇതിന് പുറമെ Al Jalila Children’s Speciality Hospital-ലിൽ നിന്നും കുട്ടികൾക്ക് വാക്സിൻ ലഭ്യമാണ്. ഇവിടെ നിന്ന് വാക്സിൻ ലഭിക്കുന്നതിനായി രക്ഷിതാക്കൾക്ക് ഈ ഹോസ്പിറ്റലുമായി നേരിട്ട് ബന്ധപ്പെടാമെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യവ്യാപകമായി, തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) നേരത്തെ അറിയിച്ചിരുന്നു.