സൗദി അറേബ്യ: ഗർഭിണികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം

featured GCC News

ഗർഭിണികളായവർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് COVID-19 വാക്സിൻ ദോഷകരമല്ലെന്ന് പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു.

ഗർഭിണികളായ സ്ത്രീകളിൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായുള്ള പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം വാക്സിനുകൾ സുരക്ഷിതമാണെന്നും, ഗർഭിണികളിൽ ദോഷകരമല്ലെന്നുമാണ് കണ്ടെത്തിയതെന്നാണ് മന്ത്രാലയം അറിയിച്ചത്. ഏപ്രിൽ 25, ഞായറാഴ്ച്ച നടന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.

അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗർഭിണികളായവർക്ക് ഗർഭധാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും വാക്സിൻ സ്വീകരിക്കാമെന്നാണ് ശാസ്ത്രീയ സമിതികൾ നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത് തന്നെ ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നവർക്കും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു. സൗദിയിൽ COVID-19 വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘Sehhaty’ ആപ്പിലൂടെ വാക്സിനേഷനായുള്ള മുൻ‌കൂർ അനുമതികൾ നേടാവുന്നതാണ്.