2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ, ഖത്തറിലെത്തുന്ന സമയത്തിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ഏപ്രിൽ 25 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും യാത്ര പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്ന് നിർബന്ധമായും COVID-19 പരിശോധന നടത്തേണ്ടതാണെന്ന ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിനെ തുടർന്നാണ് ഈ നടപടി.
ഏപ്രിൽ 22-ന് വൈകീട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ അറിയിപ്പ് നൽകിയത്. ഇതോടെ ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ ICMR അംഗീകൃത ലാബുകളിൽ നിന്നുള്ള COVID-19 പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നതാണ്.
ഖത്തറിലെത്തുന്ന സമയത്തിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച പരിശോധനാ ഫലങ്ങൾക്കാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്. COVID-19 രോഗമുക്തരായവർക്കും, COVID-19 വാക്സിൻ സ്വീകരിച്ചവർക്കും ഉൾപ്പടെ മുഴുവൻ യാത്രികർക്കും ഈ നിബന്ധന ബാധകമാണ്.