സൗദി സർക്കാർ കരാറുകൾ നേടാൻ ആഗ്രഹിക്കുന്ന വിദേശകമ്പനികൾക്ക് തങ്ങളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിന് അനുവദിച്ചിട്ടുള്ള സമയപരിധി 2024 ജനുവരിയിൽ അവസാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സമയപരിധി 2024 ജനുവരിയിൽ അവസാനിക്കുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ സമയപരിധിയ്ക്കകം തങ്ങളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിൽ വീഴ്ച വരുത്തുന്ന വിദേശ കമ്പനികൾക്ക് സർക്കാർ കരാറുകൾ നഷ്ടമാകുമെന്ന് അദ്ദേഹം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശകമ്പനികൾക്ക് സർക്കാർ കരാറുകൾ നൽകുന്നത് ഒഴിവാക്കാൻ 2021 ഫെബ്രുവരിയിലാണ് സൗദി അറേബ്യ തീരുമാനിച്ചത്.
ഈ തീരുമാനം നടപ്പിലാക്കുന്നതിന് സൗദി അറേബ്യ 2024 ജനുവരി 1 വരെ സമയം അനുവദിച്ചിരുന്നു. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.
Cover Image: Saudi Press Agency.