യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം 60000 ദിർഹം, അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) വ്യക്തമാക്കി. 2024 ജൂലൈ 23-നാണ് ADJD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
നിശ്ചിത പരിധിയിൽ കൂടുതൽ കറൻസി, സ്വർണ്ണം, രത്നക്കല്ലുകൾ മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ സംബന്ധിച്ച് അധികൃതരെ ധരിപ്പിക്കാതെ യു എ ഇയിലൂടെ സഞ്ചരിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ADJD വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയുടെ മുഴുവൻ പ്രവേശന കവാടങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികർക്കും ഇത് ബാധകമാണ്.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ തുടങ്ങിയവയിലൂടെ യു എ ഇയിലേക്കോ, യു എ ഇയിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും തങ്ങളുടെ കൈവശമുള്ള 60000 ദിർഹത്തിനു മുകളിൽ മൂല്യമുള്ള പണം, ആഭരണങ്ങൾ, മറ്റു വസ്തുക്കൾ തുടങ്ങിയവ സംബന്ധിച്ച് ഔദ്യോഗിക ഡിക്ലറേഷൻ നൽകേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാകുമെന്ന് ADJD ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം വീഴ്ചകൾക്ക് തടവ്, പിഴ തുടങ്ങിയ ശിക്ഷകൾ ലഭിക്കാവുന്നതാണ്.