ഡിസംബർ 4 മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി എത്തുന്ന വിശ്വാസികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി. ഡിസംബർ 3-നാണ് DHA ഈ അറിയിപ്പ് പുറത്തിറക്കിയത്.
വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് DHA നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
- രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ പള്ളികൾ സന്ദർശിക്കരുത്.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, പ്രായമായവർ എന്നിവർ പള്ളികളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
- പള്ളികളിലെത്തുന്ന വിശ്വാസികൾ നിസ്കാര പായകൾ, വിശുദ്ധ ഖുർആൻ എന്നിവ കൈവശം കരുതേണ്ടതാണ്.
- വിശ്വാസികൾ അംഗശുദ്ധി വീടുകളിൽ നിന്ന് നിർവഹിക്കേണ്ടതാണ്. പള്ളികളിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ, ശുചിമുറികൾ എന്നിവ തുറക്കില്ല.
- പള്ളികളിലെ വിവിധ ഇടങ്ങളിലെ പ്രതലങ്ങളിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- സ്വകാര്യ വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടരുത്.
- ഹസ്തദാനം ഒഴിവാക്കണം. മറ്റുള്ളവരുമായി 2 മീറ്റർ അകലം ഉറപ്പാക്കണം.
- പള്ളികൾക്ക് അകത്തും, പുറത്തുമുള്ള തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കേണ്ടതാണ്.
- മുഴുവൻ വിശ്വാസികളും മാസ്കുകൾ ധരിക്കേണ്ടതാണ്.
- സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- കൈകൾ ശുചിയായി സൂക്ഷിക്കേണ്ടതാണ്.
- കണ്ണ്, മൂക്ക്, വായ എന്നിവ കൈകൾ കൊണ്ട് സ്പർശിക്കരുത്.
- ഭക്ഷണം, മറ്റു സംഭാവനകൾ എന്നിവ നൽകുന്നതിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
രാജ്യത്തെ പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചു കൊണ്ടുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) തീരുമാനത്തെ തുടർന്ന് ദുബായിലെ 766 പള്ളികളിലാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (IACAD) അനുവാദം നൽകിയിരിക്കുന്നത്. കർശനമായ COVID-19 പ്രതിരോധ മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് വിശ്വാസികളെ പ്രാർത്ഥനകൾക്കായി പള്ളികളിൽ പ്രവേശിപ്പിക്കുന്നത്.