ആദ്യ ഡോസ് COVID-19 വാക്സിനുകൾക്കുള്ള ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി DHA

GCC News

എമിറേറ്റിൽ ഫൈസർ COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പിന് മുൻ‌കൂർ അനുവാദം ലഭിച്ചവരുടെ ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ജനുവരി 23, ശനിയാഴ്ച്ച രാത്രിയാണ് DHA ഇക്കാര്യം അറിയിച്ചത്.

ആഗോള തലത്തിൽ ഫൈസർ COVID-19 വാക്സിന് അനുഭവപ്പെടുന്ന ക്ഷാമം കണക്കിലെടുത്താണ് ആദ്യ ഡോസ് കുത്തിവെപ്പിന് നിലവിൽ അനുമതി ലഭിച്ചവരുടെ ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കാൻ തീരുമാനിക്കുന്നതെന്ന് DHA വ്യക്തമാക്കി. എന്നാൽ ഈ ക്ഷാമം താത്കാലികമാണെന്നും, വാക്സിൻ ഉത്പാദനം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ നിർമ്മാതാക്കൾ കൈക്കൊണ്ട് വരുന്നതായും DHA കൂട്ടിച്ചേർത്തു.

നിലവിൽ ആദ്യ ഡോസ് കുത്തിവെപ്പിന് അനുമതി ലഭിച്ചവരുടെ മാത്രം ബുക്കിംഗ് തീയ്യതികളാണ് മാറ്റിനിശ്ചയിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും, ഇതിനകം ഫൈസർ COVID-19 വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് രണ്ടാം ഡോസ് നൽകുന്ന തീയ്യതികളിൽ മാറ്റം വരുത്തില്ലെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ബുക്കിംഗ് തീയ്യതികൾ മാറ്റിനിശ്ചയിക്കപ്പെട്ടവർക്ക്, ആദ്യ ഡോസ് കുത്തിവെപ്പിന് അനുമതി ലഭിക്കുന്ന പുതിയ തീയ്യതി DHA SMS മുഖേന അറിയിക്കുന്നതാണ്.

ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർ, രണ്ടാം ഡോസ് കുത്തിവെപ്പിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കാനും, വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൃത്യമായി എത്താനും DHA ആവശ്യപ്പെട്ടിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ആരോഗ്യ മേഖലയിലെ പ്രവർത്തകർ മുതലായവർക്കാണ് നിലവിൽ ദുബായിൽ ഫൈസർ വാക്സിൻ നൽകുന്നത്.