2022-ലെ മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സ്വാഗതം ചെയ്യുന്നതിനായി ദോഫാർ ഗവർണറേറ്റിലെ വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകൾ ദോഫാർ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആൻഡ് ഗവർണർ ഓഫീസ് അവലോകനം ചെയ്തു. ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അവലോകനം ചെയ്തത്.
ഖരീഫ് സീസണുമായി ബന്ധപ്പെട്ട് സലാലയിലും, ഗവർണറേറ്റിലുടനീളവും അനുഭവപ്പെടാവുന്ന വിനോദസഞ്ചാരികളുടെ വലിയ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും, സന്ദർശകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുമുള്ള ഒരുക്കങ്ങൾ ഈ യോഗത്തിൽ വിശകലനം ചെയ്തു. ധോഫർ ഗവർണറേറ്റിലെ മുഴുവൻ ഇടങ്ങളിലും, ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിലും കൂടുതൽ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കുക, കടൽത്തീരങ്ങളിൽ ആവശ്യമായ രക്ഷാപ്രവർത്തന സൗകര്യങ്ങൾ ഏർപ്പെടുത്തുക, സന്ദർശകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുക തുടങ്ങിയ വിവിധ വശങ്ങൾ ഈ യോഗം ചർച്ച ചെയ്തു.
തുംറൈത് വിലായത്, ഷലിം വിലായത്, അൽ ഹലാനിയാത് ഐലൻഡ് തുടങ്ങിയ മേഖലകളിലൂടെ ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിലും, ഗവർണറേറ്റിലെ ഉൾറോഡുകളിലും സഞ്ചാരികൾക്ക് ആവശ്യമായ ദിശാസൂചികകൾ, അറിയിപ്പുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അധികൃതർ അവലോകനം ചെയ്തിട്ടുണ്ട്. ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ധോഫർ ഗവർണറേറ്റിൽ അനുഭവപ്പെടാനിടയുള്ള സഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് മേഖലയിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കുന്നതിനും, അവയുടെ പ്രവർത്തന സമയം നീട്ടുന്നതിനും ആവശ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളുന്നതാണ്.
സന്ദർശകർക്ക് ആവശ്യമായ താമസ സൗകര്യങ്ങൾ, ഭക്ഷണസാധനങ്ങളുടെ ലഭ്യത, ആശയവിനിമയ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ വിലയിരുത്തി. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് ഒമാൻ എയർ, സലാം എയർ എന്നിവയുടെ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
Cover Image: Oman News Agency.