ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് ഡിജിറ്റൽ ദുബായ് ഒരു പ്രത്യേക ഗൈഡ്ബുക്ക് പുറത്തിറക്കി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
‘പാരന്റൽ കണ്ട്രോൾ ഗൈഡ്ബുക്ക്’ എന്ന പേരിലുള്ള ഈ പുസ്തകം ഡിജിറ്റൽ യുഗത്തിലെ സാദ്ധ്യതകൾ പരമാവധി സുരക്ഷയോടെ ഉപയോഗിക്കുന്നതിന് വരും തലമുറയെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.
‘ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികൾക്കൊപ്പം നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കൂ… അതിലൂടെ അവരെ സുരക്ഷിതാരാക്കൂ.’ എന്ന ആശയം അടിസ്ഥാനമാക്കിയാണ് ഈ ഗൈഡ് രചിച്ചിരിക്കുന്നത്. https://www.digitaldubai.ae/docs/default-source/publications/parental_control_guide_en.pdf?sfvrsn=e746750f_6 എന്ന വിലാസത്തിൽ നിന്ന് പി ഡി എഫ് രൂപത്തിൽ ഈ പുസ്തകം ലഭ്യമാക്കിയിട്ടുണ്ട്.
കുട്ടികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗ സമയം ആരോഗ്യകരമായ രീതിയിൽ ക്രമീകരിക്കുക, സ്ക്രീൻ ടൈം നിയന്ത്രിക്കുക, ഓൺലൈൻ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഇത് നടപ്പിലാക്കുന്നതിന് സഹായിക്കുന്ന വിവിധ പ്രോഗ്രാമുകൾ തുടങ്ങിയ വിഷയങ്ങൾ ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സൈബർ ബുള്ളിയിങ് പോലുള്ള വിഷയങ്ങൾ നേരിടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതും, കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ പാരന്റൽ കണ്ട്രോൾ നടപ്പിലാക്കുന്നതും ഉൾപ്പടെയുള്ള വിഷയങ്ങളും ഈ പുസ്തകത്തിൽ ലഭ്യമാണ്.
Cover Image: Pixabay.