2022 ജനുവരി 18, ചൊവ്വാഴ്ച്ച മുതൽ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു. ജനുവരി 17-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം 2022 ജനുവരി 18 മുതൽ പുസ്തകമേള അവസാനിക്കുന്ന തീയതിയായ ജനുവരി 22 വരെ കുട്ടികൾക്ക് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 9 മണിവരെയാണ് കുട്ടികൾക്ക് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
പുസ്തകമേളയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആകെ സന്ദർശകരുടെ പതിനഞ്ച് ശതമാനം കുട്ടികളെ ഒരേസമയം വേദിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്. രക്ഷിതാക്കളോടോപ്പമോ, വിദ്യാലയങ്ങളിൽ നിന്ന് സ്‌കൂൾ അധികൃതർക്കൊപ്പമോ എത്തുന്ന കുട്ടികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഒരേസമയം ആകെ 2000 സന്ദർശകരെയാണ് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക് പ്രവേശിപ്പിക്കുന്നത്.
ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 3 മണിമുതൽ രാത്രി 10 വരെയുമാണ് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയറിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്. മേളയിലേക്കുള്ള പ്രവേശനം മുൻകൂർ ബുക്കിങ്ങിന് അനുസരിച്ച് നിയന്ത്രിച്ചിട്ടുണ്ട്.
മുപ്പത്തൊന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2022 ജനുവരി 13-ന് ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ അൽ താനി ഉദ്‌ഘാടനം ചെയ്തിരുന്നു. മേളയുടെ ആദ്യ ദിനങ്ങളിൽ കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.