എമിറേറ്റിലെ പള്ളികളിൽ റമദാനിലെ അവസാന 10 രാത്രികളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകിയതായി ദുബായിലെ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് (IACAD) അറിയിച്ചു. ഏപ്രിൽ 28-ന് രാത്രിയാണ് IACAD ഈ അറിയിപ്പ് നൽകിയത്.
റമദാനിലെ അവസാന 10 രാത്രികളിൽ രാജ്യത്തുടനീളമുള്ള പള്ളികളിൽ വെച്ച് തഹജ്ജുദ് നമസ്കാരത്തിന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) അനുമതി നൽകിയ പശ്ചാത്തലത്തിലാണ് IACAD ഇത്തരം ഒരു അറിയിപ്പ് നൽകിയത്. റമദാനിലെ അവസാന 10 ദിനങ്ങളിൽ ദിവസവും അർദ്ധരാത്രി മുതൽ 30 മിനിറ്റ് നേരത്തേക്കാണ് എമിറേറ്റിലെ പള്ളികളിൽ തഹജ്ജുദ് നമസ്കാരം അനുവദിക്കുന്നതെന്ന് IACAD അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് പള്ളികളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകിയിരിക്കുന്നത്. തഹജ്ജുദ് നമസ്കാരത്തിനെത്തുന്നവർ മുഴുവൻ COVID-19 പ്രതിരോധ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും IACAD ആവശ്യപ്പെട്ടിട്ടുണ്ട്. തഹജ്ജുദ് നമസ്കാരത്തിന് ശേഷം രാത്രി 12:30 പള്ളികൾ അടയ്ക്കുമെന്നും IACAD അറിയിച്ചിട്ടുണ്ട്. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, സ്ത്രീകൾ തുടങ്ങിയവരോട് ഈ പ്രാർത്ഥനകൾ വീടുകളിൽ നിന്ന് നിർവഹിക്കാൻ IACAD ആഹ്വാനം ചെയ്തിട്ടുണ്ട്.