ഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് എമിറേറ്റിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ നടപടികൾ സംബന്ധിച്ച് ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ സുപ്രീം കമ്മിറ്റി 2021 ഡിസംബർ 28-ന് വൈകീട്ട് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
COVID-19 പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ ദുബായ് കൈവരിച്ച പുരോഗതി നിലനിർത്താൻ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ കമ്മിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി മുൻകരുതൽ നടപടികൾ തുടർന്നും പാലിക്കാൻ കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
പുതുവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങളും വിവിധ ടാസ്‌ക് ഫോഴ്‌സുകളുടെ ഒരുക്കങ്ങളും കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തു. ഈ വർഷത്തെ പുതുവത്സാരാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ 29 ഇടങ്ങളിലായി വെടിക്കെട്ട് പ്രദർശനങ്ങൾ നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. പൂർണ്ണമായും COVID-19 സുരക്ഷാ നിർദ്ദേശങ്ങളും, സാമൂഹിക അകലവും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ കരിമരുന്ന് കാഴ്ച്ചകൾ ഒരുക്കുന്നതെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ പേരും കൃത്യമായ രീതിയിൽ മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാനും കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വീടിനകത്തും പുറത്തും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവരും മാസ്കുകൾ ധരിക്കേണ്ടത് നിർബന്ധമാണെന്നും, മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
WAM