ഫെബ്രുവരി 2 മുതൽ ദുബായിലെ COVID-19 മാനദണ്ഡങ്ങളിൽ മാറ്റം; മാളുകളിലും മറ്റും തിരക്കൊഴിവാക്കുന്നതിനുള്ള നിയന്ത്രണം ഏർപ്പെടുത്തും

featured GCC News

പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി 2021 ഫെബ്രുവരി 2, ചൊവ്വാഴ്ച്ച മുതൽ എമിറേറ്റിലെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് സർക്കാർ അറിയിച്ചു. ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റാണ് ഈ പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഫെബ്രുവരി 1-ന് രാത്രി അറിയിപ്പ് പുറത്തിറക്കിയത്.

ഫെബ്രുവരി 2 മുതൽ എമിറേറ്റിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഫെബ്രുവരി 28 വരെ തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ നിലവിലെ ആരോഗ്യ സൂചികകളും, മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് കമ്മിറ്റി നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. പൊതു ഇടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും, സമൂഹ അകലം ഉറപ്പാക്കുന്നതിനും സഹായകമാകുന്ന തീരുമാനങ്ങളാണ് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ളത്.

2021 ഫെബ്രുവരി 2 മുതൽ ദുബായിൽ നിലവിൽ വരുന്ന COVID-19 പ്രതിരോധ നിബന്ധനകൾ:

  • സിനിമാ ശാലകൾ, വിനോദകേന്ദ്രങ്ങൾ, കായിക വേദികൾ മുതലായ ഇൻഡോർ കേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമാണ് ഫെബ്രുവരി 2 മുതൽ പ്രവേശനം അനുവദിക്കുന്നത്. ഇത്തരം ഇടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കും.
  • ഹോട്ടലുകളുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 70 ശതമാനം എന്ന രീതിയിൽ പുനഃക്രമീകരിക്കേണ്ടതാണ്. ഹോട്ടലുകളിൽ പുതിയ ബുക്കിംഗ് സ്വീകരിക്കുന്ന അവസരത്തിൽ ഈ പുതുക്കിയ പ്രവർത്തന ശേഷി കണക്കിലെടുക്കേണ്ടതാണ്.
  • ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകൾ, നീന്തൽ കുളങ്ങൾ എന്നിവയുടെ പ്രവർത്തന ശേഷി 70 ശതമാനമാക്കി നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
  • മാളുകളിൽ പരമാവധി ശേഷിയുടെ 70 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
  • റെസ്റ്ററന്റുകൾ, കഫേകൾ മുതലായ ഭക്ഷണശാലകളിൽ വിനോദപരിപാടികളും മറ്റും സംഘടിപ്പിക്കാൻ അനുമതി നൽകില്ല. ഇത്തരം ഭക്ഷണശാലകൾ കർശനമായും രാത്രി 1 മണിയോടെ അടയ്‌ക്കേണ്ടതാണ്.
  • പബ്ബുകൾ, ബാറുകൾ എന്നിവ അടച്ചിടും.
  • സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം ശക്തമായ പരിശോധനാ നടപടികൾ ഏർപ്പെടുത്തുന്നതാണ്.