എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ദുബായ് സർക്കാർ അറിയിച്ചു. 2024 ഏപ്രിൽ 30-ന് രാത്രിയാണ് ദുബായ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് വരും ദിനങ്ങളിൽ ഉണ്ടാകാനിടയുള്ള അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് യോഗത്തിലാണ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ മുൻകരുതൽ നടപടി പ്രഖ്യാപിച്ചത്.
“വരും ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ദുബായിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ, നഴ്‌സറികൾ എന്നിവയ്ക്ക് മെയ് 2, വ്യാഴം, മെയ് 3, വെള്ളി എന്നീ ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതാണ്.”, ദുബായ് സർക്കാരിന്റെ തീരുമാനം അടിസ്ഥാനമാക്കിക്കൊണ്ട് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മെയ് 1, 2 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.
Cover Image: Pixabay.