ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്ക് ദുബായിൽ ഏർപ്പെടുത്തിയിട്ടുളള വിലക്ക് 2025 ജനുവരി 1, ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
2025 ജനുവരി 1 മുതൽ താഴെ പറയുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ദുബായ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു:
- ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ.
- പ്ലാസ്റ്റിക് കോട്ടൺ സ്വാബ്.
- പ്ലാസ്റ്റിക് സ്ട്രൗ.
- പ്ലാസ്റ്റിക് ടേബിൾ കവർ.
- സ്റ്റൈറോഫോം ഫുഡ് കണ്ടെയ്‌നറുകൾ.
- പാനീയങ്ങളും മറ്റും ഇളക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോൽ.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2024 ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ തരം ബാഗുകൾക്കും (ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പടെ) , ഇത്തരത്തിലുള്ള ഡിസ്പോസിബിൾ വസ്തുക്കൾക്കും, റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്ന വസ്തുക്കൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതിന്റെ അടുത്ത ഘട്ടത്തിൽ 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, ഇത്തരം അടപ്പുകൾ, പ്ലാസ്റ്റിക് സ്പൂൺ, ഫോർക്, പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്‌നറുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തുന്നതാണ്.