ദുബായിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണാ വൈറസ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നതായി ദുബായ് മീഡിയ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതിന്റെ ഭാഗമായി ദുബായിലെ വിവിധ ലേബർ ക്യാമ്പുകളിൽ സിവിൽ ഡിഫെൻസ്, ലേബർ അഫയേഴ്സ്, ദുബായ് മുൻസിപ്പാലിറ്റി എന്നിവയും COVID-19 കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററും സംയുക്തമായി പ്രവർത്തനങ്ങൾ നടത്തി വരികയാണ്.
ഹത്ത, അൽ ഖൂസ്, ജബൽ അലി, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബായ് ഇൻഡസ്ട്രിയൽ സിറ്റി, എക്സ്പോ 2020 സൈറ്റ് എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ക്യാമ്പുകളിൽ ഇവർ സന്ദർശിക്കുകയും, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തതായി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഈ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ലേബർ ക്യാമ്പുകൾക്ക് COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ നൽകുകയും, താമസയിടങ്ങൾ, അടുക്കള, ഡൈനിങ്ങ് ഏരിയ മുതലായ ഇടങ്ങളിൽ പാലിക്കേണ്ട കരുതലുകൾ, സാമൂഹിക അകാലത്തിന്റെ പ്രാധാന്യം, തൊഴിലിടങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ, വാഹനങ്ങളിലെ അണുനശീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ പുലർത്തേണ്ട മാനദണ്ഡങ്ങൾ നൽകുകയും ചെയ്തതായും മീഡിയാ ഓഫീസ് അറിയിച്ചു.
പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സുരക്ഷ, രോഗ പ്രതിരോധം എന്നീ മേഖലകളിൽ തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കാനായതായി അധികൃതർ അറിയിച്ചു.