എക്സ്പോ 2020 ദുബായ്: ഷെയ്ഖ് ഹംദാൻ യു എ ഇ പവലിയനിൽ കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

UAE

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ യു എ ഇ പവലിയനിൽ വെച്ച് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 2022 ഫെബ്രുവരി 2-നാണ് ദുബായ് കിരീടാവകാശി കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഭാവി പങ്കാളിത്തത്തിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള വഴികൾ ഇരുവരും ഈ കൂടിക്കാഴ്ചയിൽ ആരാഞ്ഞു.

എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വാരാചരണ’ത്തോട് അനുബന്ധിച്ച് യു എ ഇ സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രിയെ ഷെയ്ഖ് ഹംദാൻ സ്വാഗതം ചെയ്തു. ഇന്ത്യയുമായുള്ള, പ്രത്യേകിച്ച് കേരള സംസ്ഥാനവുമായുള്ള, ചരിത്രപരമായ ബന്ധത്തിൽ യു എ ഇ അഭിമാനിക്കുന്നതായി അദ്ദേഹം ഈ അവസരത്തിൽ ചൂണ്ടിക്കാട്ടി.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും, ഇരു രാജ്യങ്ങളിലെയും സുസ്ഥിര വികസനം വർധിപ്പിക്കുന്നതിനുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. സഞ്ജയ് സുധീർ ഈ കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിയ്‌ക്കൊപ്പം പങ്കെടുത്തു.

“കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യു എ ഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും, യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.”, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ സന്ദർഭത്തിൽ ആശംസ അറിയിച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചു.

H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി എക്സ്പോ 2020 വേദിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

WAM