ദുബായ് കിരീടാവകാശി എക്സ്പോ 2020 ദുബായ് വേദിയിലെ സ്പെയിൻ, ഹംഗറി, കൊറിയ എന്നീ രാജ്യങ്ങളുടെ പവലിയൻ സന്ദർശിച്ചു

featured UAE

ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലെ സ്പെയിൻ, ഹംഗറി, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. വിവിധ മേഖലകളിൽ ആഗോള സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായുള്ള പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൈവരിച്ച ഏറ്റവും മികച്ച നൂതനത്വവും, മഹിമയും എക്സ്പോ 2020 ദുബായ് ഉയർത്തിക്കാട്ടുന്നതായി സന്ദർശന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്ന ലോക എക്സ്പോ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാനും ,സുപ്രധാന മേഖലകളിൽ സുസ്ഥിര വികസനം നയിക്കുന്ന ക്രിയാത്മക ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനും യുവാക്കൾക്ക് അപൂർവ അവസരം ഒരുക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ്പോ വേദിയിലെ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന സ്പെയിൻ പവലിയൻ സന്ദർശിച്ചു. സ്പെയിൻ എന്ന രാജ്യത്തിന്റെ അത്യന്തം സമ്പന്നമായ ഉൽ‌പാദനപരവും, സർഗ്ഗാത്മകവുമായ അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് അദ്ദേഹം ഈ പവലിയനിലെ പ്രദർശനങ്ങളിൽ നിന്ന് മനസ്സിലാക്കി.

‘വിവേകം ജീവിതത്തിനായി’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി രൂപകൽപന ചെയ്തിരിക്കുന്ന ഈ പവലിയൻ നവീകരണത്തിനുള്ള മനുഷ്യന്റെ ശേഷിയും, നിലവിലുള്ളതും ഇനി വരാനിരിക്കുന്നതുമായ തലമുറയ്ക്കു വേണ്ടി ഈ ഗ്രഹത്തിലെ നല്ല ജീവിത നിലവാരം നിലനിർത്താനുള്ള ആഗ്രഹവും ഉയർത്തിക്കാട്ടുന്നു. ഈ പവലിയൻ അറബ് ലോകവുമായുള്ള സ്പെയിൻ എന്ന രാജ്യത്തിന്റെ ആഴമേറിയതും പഴക്കമുള്ളതുമായ ബന്ധത്തെ ആഘോഷിക്കുന്നു.

Source: Dubai Media Office.

രാജ്യത്തിന്റെ പുരാതന പൈതൃകവും അത്യാധുനിക നവീകരണവും തടസ്സമില്ലാതെ സമന്വയിപ്പിക്കുന്ന ഈ പവലിയൻ തികച്ചും പരിസ്ഥിതി സൗഹൃദ ആശയങ്ങളിലൂന്നിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് ചിന്തോദ്ദീപകമായ പ്രദർശനങ്ങളുടെ വിശാലമായ ഒരു ശ്രേണി തന്നെ ദർശിക്കാവുന്നതാണ്. സ്പെയിൻ എങ്ങിനെയാണ് പുതിയ വിദ്യാഭ്യാസ രീതികൾക്ക് തുടക്കമിടുന്നതും, സംരംഭകത്വം വളർത്തുന്നതും എന്നത് സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഈ പവലിയൻ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മിതിയിലൂടെ സുസ്ഥിരതയ്ക്കുള്ള സ്പെയിനിന്റെ പ്രതിബദ്ധതയെ വെളിപ്പെടുത്തുന്നു.

തുടർന്ന് അദ്ദേഹം ജൂബിലി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹംഗേറിയൻ പവലിയൻ സന്ദർശിച്ചു. ‘അക്വാ റൂട്ട്സ് ഓഫ് ഹംഗറി’ എന്ന പ്രമേയത്തിലൂന്നി നിർമ്മിച്ചിരിക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് ഹംഗറി എന്ന രാജ്യത്തിന്റെ അതുല്യവും, ധാതു സമ്പന്നവുമായ താപ നീരുറവകളെ അടുത്തറിയാൻ അവസരമൊരുക്കുന്നു. സന്ദർശകർക്ക് ഇത്തരം താപ നീരുറവകൾ പ്രദാനം ചെയ്യുന്ന വിശ്രമം, രോഗശാന്തി, നവവീര്യപ്രാപ്തി മുതലായ അനുഭവങ്ങൾ അറിയുന്നതിന് ഹംഗേറിയൻ പവലിയനിൽ അവസരം ലഭിക്കുന്നതാണ്.

Source: Dubai Media Office.

വിവിധ തരം രോഗങ്ങളിൽ നിന്ന് ശാന്തി നേടുന്നതിനായി താപ നീരുറവകളിലെ ധാതുസങ്കുചിതജലത്തിൽ സ്‌നാനം ചെയ്യുന്ന രീതിയിലുള്ള പുരാതന ചികിത്സയായ ബാൽനിയോതെറാപ്പിയെക്കുറിച്ച് മനസിലാക്കുന്നതിന് സന്ദർശകർക്ക് ഹംഗേറിയൻ പവലിയനിൽ നിന്ന് സാധിക്കുന്നതാണ്. ഹംഗറിയിലെ താപ നീരുറവകളുടെ ഉത്ഭവം, രാജ്യത്തിന്റെ ആരോഗ്യം, സ്പാ സംസ്കാരം, രാജ്യത്തിന്റെ ആരോഗ്യ ടൂറിസം വ്യവസായത്തെ ഇവ എങ്ങനെ ഉത്തേജിപ്പിക്കുന്നു തുടങ്ങിയ വിവരങ്ങൾ മനസിലാക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ഒരു ഇന്ററാക്ടീവ് എക്സിബിഷൻ ഈ പവലിയന്റെ ഒരു പ്രത്യേകതയാണ്.

Source: Dubai Media Office.

തുടർന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് എക്സ്പോ വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക് ഓഫ് കൊറിയയുടെ പവലിയനും സന്ദർശിച്ചു. കൊറിയ എന്ന രാജ്യം ലോകത്തിന് നൽകുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ഇന്ററാക്ടീവ് സ്മാർട്ട് അനുഭവം ഈ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.

Source: Dubai Media Office.

ഐക്യദാർഢ്യം, ചലനാത്മകമായ ചിന്ത, നവീകരണത്തോടുള്ള പ്രതിബദ്ധത, മാറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള വഴക്കം മുതലായ ദേശീയ മൂല്യങ്ങളിലൂന്നിയാണ് കൊറിയൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ദിവസം മുഴുവൻ നിരന്തരം മാറുന്ന രീതിയിലുള്ള ഈ പവലിയന്റെ മുഖപ്പ് ഈ സ്വഭാവസവിശേഷതകൾ പ്രതിഫലിപ്പിക്കുന്നു. തിളങ്ങുന്ന നിറമുള്ളതും, സ്വയം കറങ്ങുന്നതുമായ ക്യൂബുകൾ കൊണ്ട് നിർമ്മിച്ച ഈ മുഖപ്പ് കൊറിയൻ ലാൻഡ്സ്കേപ്പിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന മനോഹരമായ ഒരു പ്രദർശനാനുഭവമാണ്.

Source: Dubai Media Office.

അഞ്ച് നിലകളിലായാണ് കൊറിയൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. സാങ്കേതിക വികസനം, നാലാം വ്യാവസായിക വിപ്ലവത്തിലുള്ള – പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിൽ – കൊറിയയുടെ നേതൃത്വം തുടങ്ങിയ ഘടകങ്ങൾ ഈ പവലിയൻ പ്രത്യേകം എടുത്ത് കാട്ടുന്നു.

WAM