ദുബായ്: പൊതു ഇടങ്ങളെ കൂടുതൽ മനോഹരമാക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചു

GCC News

എമിറേറ്റിലെ പൊതു ഇടങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്നതിനും, ഇത്തരം ഇടങ്ങളെ കലാമൂല്യമുള്ള അടയാളങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും, ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പ് വെച്ചു. 2025 മാർച്ച് 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ കരാർ. ഇതിന്റെ ഭാഗമായി ദുബായിയിലെ പൊതു ഇടങ്ങളിലും, പാർപ്പിട പ്രദേശങ്ങളിലും മനോഹാരിത ഉയർത്തുന്നതിനും, കലാപരമായ അനുഭവങ്ങൾ ഒരുക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതാണ്.

ഈ പദ്ധതി നടപ്പിലാകുന്നതോടെ ദുബായ് നഗരം എല്ലാവർക്കും ദർശിക്കാനാകുന്ന രീതിയിലുള്ള ഒരു ഓപ്പൺ എയർ ഗ്ലോബൽ ആർട്ട് ഗാലറിയാക്കി മാറ്റുന്നതാണ്. ഈ കരാറിന്റെ അടിസ്ഥാനത്തിൽ നഗര സൗന്ദര്യവത്കരണ നയങ്ങളുമായി ചേർന്ന് പോകുന്ന രീതിയിൽ സമയബന്ധിതമായി ദുബായ് നഗരത്തിൽ സ്ഥാപിക്കേണ്ടതായ കലാസൃഷ്ടികൾ സംബന്ധിച്ച് ദുബായ് കൾച്ചർ തീരുമാനം എടുക്കുന്നതാണ്.

ഇത്തരത്തിൽ കലാസൃഷ്ടികൾ സ്ഥാപിക്കേണ്ടതായ ഇടങ്ങൾ തിരഞ്ഞെടുക്കുന്ന ചുമതല ദുബായ് മുനിസിപ്പാലിറ്റിയിൽ നിക്ഷിപ്തമായിരിക്കും.