ദുബായിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായി, ദുബായ് കൾച്ചറിനു കീഴിലുള്ള മ്യൂസിയങ്ങളിൽ ജൂൺ 1 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു. വിവിധ ഘട്ടങ്ങളിലായാണ് ഈ തീരുമാനം നടപ്പിലാക്കുക. അൽ ഷിന്ദഗ, എത്തിഹാദ് മ്യൂസിയങ്ങൾ ഞായർ മുതൽ വ്യാഴം വരെ, രാവിലെ 10 മുതൽ വൈകീട്ട് 5 വരെയും, കോയിൻ മ്യൂസിയം രാവിലെ 8 മുതൽ 2 വരെയും തുറന്ന് പ്രവർത്തിക്കുന്നതാണ്.
COVID-19 പശ്ചാത്തലത്തിൽ മാർച്ച് പകുതി മുതൽ ദുബായിലെ എല്ലാ പൈതൃക കേന്ദ്രങ്ങളും, മ്യൂസിയങ്ങളും അടഞ്ഞുകിടക്കുകയാണ്. കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ജൂൺ 1 മുതൽ പൊതുജനങ്ങൾക്കായി മ്യൂസിയങ്ങൾ തുറന്ന് കൊടുക്കുക എന്ന് ദുബായ് കൾച്ചർ വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി ഉൾക്കൊള്ളാനാകുന്ന സന്ദർശകരുടെ 50 ശതമാനം പേർക്ക് മാത്രമായിരിക്കും ഒരേ സമയം പ്രവേശനം അനുവദിക്കുക എന്നും, 12 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും അധികൃതർ അറിയിച്ചു. 5 പേരിൽ കൂടുതൽ ഉള്ള സംഘങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഇത്തരം കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
സന്ദർശകരുടെയും, മ്യൂസിയം ജീവനക്കാരുടെയും സുരക്ഷയ്ക്കായി സമൂഹ അകലം, അണുനശീകരണം മുതലായ ആരോഗ്യ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ മ്യൂസിയങ്ങളിൽ ഏർപെടുത്തിയതായും ദുബായ് കൾച്ചർ അറിയിച്ചു. സന്ദർശകർ തമ്മിൽ 2 മീറ്റർ എങ്കിലും ദൂരം ഉറപ്പാക്കാനും, ജീവനക്കാർക്കും, സന്ദർശകർക്കും മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തെർമൽ സ്ക്രീനിങ്ങിനു ശേഷമായിരിക്കും സന്ദർശകർക്ക് മ്യൂസിയത്തിലേക്ക് പ്രവേശനം നൽകുക എന്നും അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുമെങ്കിലും കഴിയുന്നതും ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ നോൾ കാർഡുകൾ ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകളിലൂടെ ടിക്കറ്റുകൾ എടുക്കാനായി സന്ദർശകരോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.