ദുബായ് കസ്റ്റംസ് പുതിയ നയങ്ങൾ പ്രഖ്യാപിച്ചു; ലംഘനങ്ങൾ വെളിപ്പെടുത്തിയാൽ പിഴകൾ ഒഴിവാക്കാം

featured GCC News

ദുബായ് കസ്റ്റംസ് ‘വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം’ എന്ന പുതിയ നയം അവതരിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കസ്റ്റംസ് ഡിക്ലറേഷനുകളിൽ വരുത്തിയിട്ടുള്ള പിഴവുകൾ സ്വമേധയാ വെളിപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കുന്നതിനും തത്ഫലമായുണ്ടാകുന്ന കസ്റ്റംസ് കുടിശ്ശിക അടയ്ക്കുന്നതിനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായാണ് ’58/2024′ എന്ന ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കിടയിൽ നിയമം പാലിക്കൽ, സുതാര്യത, പങ്കാളിത്തം തുടങ്ങിയവ വളർത്തിയെടുക്കാൻ ഈ നയം ലക്ഷ്യമിടുന്നു.

പൊതു കസ്റ്റംസ് നിയമത്തിലെ ആർട്ടിക്കിൾ 141 അനുസരിച്ച്, കസ്റ്റംസ് കണ്ടെത്തുന്നതിന് മുൻപായി വ്യക്തികൾ സ്വമേധയാ ഇത്തരം ലംഘനങ്ങൾ വെളിപ്പെടുത്തിയാൽ പിഴകളിൽ നിന്ന് ഭാഗികമോ പൂർണ്ണമോ ആയ ഇളവ് ലഭ്യമാക്കുന്നതാണ്. കസ്റ്റംസ് ക്ലിയറൻസ് സമയത്ത് വരുത്തിയിട്ടുള്ള ഏതെങ്കിലും അശ്രദ്ധമായ പിശകുകൾ അല്ലെങ്കിൽ ലംഘനങ്ങൾ ദുബായ് കസ്റ്റംസിനെ ഒരു പ്രസ്താവന സമർപ്പിച്ച് കൊണ്ട് വെളിപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ‘വോളണ്ടറി ഡിസ്ക്ലോഷർ സിസ്റ്റം’.

ഇറക്കുമതി, കയറ്റുമതി ലംഘനങ്ങൾ, കസ്റ്റംസ് ഡിക്ലറേഷൻ ലംഘനങ്ങൾ, ട്രാൻസിറ്റ് ലംഘനങ്ങൾ, വെയർഹൗസ് ലംഘനങ്ങൾ, താൽക്കാലിക ഇറക്കുമതി ലംഘനങ്ങൾ, റീ-എക്സ്പോർട്ട് ലംഘനങ്ങൾ, മറ്റ് കസ്റ്റംസ് ലംഘനങ്ങൾ എന്നിവയ്ക്ക് ഈ നയം ബാധകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.