രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ള ഏതാനം വിഭാഗങ്ങൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിന്റെ മൂന്നാമതൊരു ഡോസ് കുത്തിവെപ്പ് നൽകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. സെപ്റ്റംബർ 1-ന് രാത്രിയാണ് DHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തികൾക്ക് മൂന്നാമതൊരു ഡോസ് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുമെന്നാണ് DHA അറിയിച്ചിരിക്കുന്നത്:
- മിതമായതോ, കഠിനമായതോ ആയ രോഗപ്രതിരോധ ശേഷി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ.
- ട്യൂമർ പോലുള്ള അസുഖങ്ങൾക്ക് നിലവിൽ ചികിത്സയിലുള്ളവർ.
- അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായവർ.
- HSCT (Hematopoietic stem cell transplantation) മൂല കോശ മാറ്റ ചികിത്സകൾക്ക് വിധേയരായവർ.
- ഗുരുതരമായ രോഗപ്രതിരോധശേഷിക്കുറവുള്ളവർ.
- ഗുരുതരമായ HIV ബാധയുള്ളവർ.
- രോഗപ്രതിരോധശേഷിക്കുറവിന് കാരണമാകുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ നടത്തുന്നവർ.
ഇത്തരം വ്യക്തികളിൽ COVID-19 രോഗബാധയ്‌ക്കെതിരായ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനായാണ് ഈ മൂന്നാം ഡോസ് കുത്തിവെപ്പ് ലക്ഷ്യമിടുന്നത്.
മൂന്നാം ഡോസ് വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ളവർക്ക് താഴെ പറയുന്ന രീതിയിൽ ഇതിനായി ബുക്കിങ്ങ് ചെയ്യാവുന്നതാണ്:
- സ്ഥിരമായി കാണുന്ന ഡോക്ടറുമായി നിങ്ങളുടെ ആരോഗ്യ സ്ഥിതി ചർച്ച ചെയ്യുക.
- അല്ലെങ്കിൽ DHA ഡോക്ടറെ സന്ദർശിക്കുക.
- അല്ലെങ്കിൽ 800 342 എന്ന നമ്പറിൽ ഒരു ടെലിമെഡിസിൻ അപ്പോയിന്റ്മെന്റ് എടുത്ത് നിങ്ങൾക്ക് മൂന്നാം ഡോസ് ആവശ്യമാണോ എന്ന് ഉറപ്പാക്കുക.
- മേൽപ്പറഞ്ഞ ഡോക്ടർമാർ മൂന്നാം ഡോസ് കുത്തിവെപ്പിനായി വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് ശുപാർശ ചെയ്യന്നതാണ്.