പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് വാക്സിൻ കുത്തിവെപ്പ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്നും, ഇതിനായി മുൻകൂർ ബുക്കിംഗ് ചെയ്യാമെന്നും DHA കൂട്ടിച്ചേർത്തു.
ജൂൺ 1-നാണ് DHA ഇക്കാര്യം അറിയിച്ചത്. യു എ ഇ ദേശീയ വാക്സിനേഷൻ നടപടികളുടെ ഭാഗമായി പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഈ വിഭാഗത്തിലുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി DHA മെയ് 23-ന് അറിയിച്ചിരുന്നു.
വാക്സിൻ ലഭിക്കുന്നതിനായുള്ള ബുക്കിംഗ് നടപടികൾ ഈ പ്രായപരിധിയിൽ വരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് DHA ആപ്പ് ഉപയോഗിച്ച് പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
DHA-യുടെ കീഴിലുള്ള താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്:
- Latifa Women and Children Hospital.
- Hatta Hospital.
- Al Jalila Children’s Speciality Hospital
- Al Barsha Primary Healthcare Centre.
- Al Mizhar Primary Healthcare Centre.
- Zabeel Primary Healthcare Centre.
Al Jalila Children’s Speciality Hospital-ലിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിനായി രക്ഷിതാക്കൾക്ക് ഈ ഹോസ്പിറ്റലുമായി നേരിട്ട് ബന്ധപ്പെടാമെന്നും DHA വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, മുൻഗണന ക്രമങ്ങൾ മുതലായ വിവരങ്ങൾ DHA നേരത്തെ അറിയിച്ചിരുന്നു.
12 മുതൽ 15 വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി മുൻഗണന നൽകുന്ന വിഭാഗങ്ങൾ:
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾ.
- വിട്ടുമാറാത്ത രോഗങ്ങളുള്ളവരോടൊപ്പം താമസിക്കുന്ന കുട്ടികൾ.
- ആരോഗ്യ കാരണങ്ങളാൽ രക്ഷിതാക്കൾക്ക് വാക്സിൻ സ്വീകരിക്കാൻ നിവർത്തിയില്ലാത്ത കുടുംബങ്ങളിൽ താമസിക്കുന്ന കുട്ടികൾ.
താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പെടുക്കാൻ അനുമതിയില്ല:
- നിലവിൽ COVID-19 രോഗബാധിതരായ കുട്ടികൾ.
- COVID-19 രോഗബാധിതരായ ശേഷം പ്രത്യേക ചികിത്സകൾ ആവശ്യമായി വന്ന കുട്ടികൾ.
- വാക്സിനുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ അലർജി പോലുള്ള പ്രശ്നങ്ങളുള്ള കുട്ടികൾ.
വാക്സിനേഷൻ നടപടികളുടെ ഭാഗമായി താഴെ പറയുന്ന വിവരങ്ങൾ വാക്സിനേഷൻ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്:
- കുട്ടികളുടെ പൂർണ്ണ മെഡിക്കൽ ഹിസ്റ്ററി.
- വാക്സിൻ സ്വീകരിക്കാനുദ്ദേശിക്കുന്ന തീയ്യതിക്ക് മൂന്ന് ദിവസം മുൻപ് തൊട്ടപ്പോഴെങ്കിലും പനി പോലുള്ള രോഗലക്ഷണങ്ങൾ പ്രകടമാണെങ്കിൽ ആ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്.
- കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ അവ അധികൃതരെ അറിയിക്കേണ്ടതാണ്.