എമിറേറ്റിലെ COVID-19 വാക്സിനേഷൻ യത്നം കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഈ തീരുമാന പ്രകാരം 40 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ദുബായ് റസിഡന്റ് വിസകളിലുള്ളവർക്കും DHA കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
മാർച്ച് 2-നാണ് DHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവിനെ തുടർന്നാണ് ഈ തീരുമാനമെന്ന് DHA വ്യക്തമാക്കി.
ഇതിന് പുറമെ, അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള, മറ്റു എമിറേറ്റുകളിൽ നിന്നുള്ള സാധുതയുള്ള വിസകളിലുള്ളവർക്കും, ഇവർ ദുബായിലാണ് താമസിക്കുന്നതെന്നതിന്റെ രേഖകൾ ഹാജരാക്കുന്നതിനനുസരിച്ച്, DHA കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബായ് റസിഡന്റ് വിസകളിലുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും, മുൻനിര പ്രവർത്തകർക്കും വാക്സിൻ ലഭിക്കുന്നതിന് മുൻഗണന ഉണ്ടായിരിക്കുമെന്നും DHA കൂട്ടിച്ചേർത്തു.
ഫൈസർ വാക്സിൻ നൽകുന്നതിനുള്ള ചുരുങ്ങിയ പ്രായം 18-ൽ നിന്ന് 16 ആക്കി കുറയ്ക്കാനും DHA തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക വാക്സിൻ നൽകാനും (18 മുതൽ 65 എന്ന പ്രായപരിധി ഒഴിവാക്കി) DHA തീരുമാനിച്ചിട്ടുണ്ട്.
മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കുന്നതിനായി 800 342 എന്ന നമ്പറിലൂടെയോ, DHA- ആപ്പിലൂടെയോ മുൻകൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.