ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2024 ഒക്ടോബർ 26 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഈ വർഷത്തെ പതിപ്പ് 2024 ഒക്ടോബർ 26 മുതൽ നവംബർ 24 വരെയാണ് സംഘടിപ്പിക്കുന്നത്. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച് എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടത്തുന്നത്.
ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്. ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു.