വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ഇതോടെ സന്ദർശകർക്ക് 2021 മെയ് 2, ഞായറാഴ്ച്ച വരെ ഗ്ലോബൽ വില്ലേജിലെ മാസ്മരിക കാഴ്ച്ചകൾ ആസ്വദിക്കാവുന്നതാണ്.
മാർച്ച് 22-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. റമദാനിലെ ആദ്യ ആഴ്ച്ചകളിൽ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നതിനാണ് ഈ തീരുമാനം.
“നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തിലും ലോകോത്തര ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുടെയും, പ്രതിരോധ മാനദണ്ഡങ്ങളുടെയും സഹായത്തോടെ ഗ്ലോബൽ വില്ലേജ് ജനങ്ങൾക്ക് മറക്കാനാകാത്ത കാഴ്ചകളൊരുക്കി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ ഒരുക്കുന്ന കാഴ്ച്ചകൾ ആസ്വദിക്കാൻ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ആവേശം കണക്കിലെടുത്ത് നിലവിലെ സീസൺ കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പൂർത്തിയാക്കിയ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. റമദാനിൽ കുടുംബാംഗങ്ങൾക്ക് ഗ്ലോബൽ വില്ലേജിൽ ഒത്ത് ചേർന്ന് സമയം ചെലവിടുന്നതിന് അവസരമൊരുക്കാൻ ഈ തീരുമാനം സഹായകമാണ്.”, ഈ വർഷത്തെ ഗ്ലോബൽ വില്ലേജ് മെയ് 2 വരെ തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് സി ഇ ഓ, ബദർ അൻവാഹി അറിയിച്ചു.
റമദാൻ വേളയിൽ പാർക്കിന്റെ സമയക്രമത്തിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. റമദാൻ മാസത്തിൽ ദിനവും വൈകീട്ട് 6 മുതൽ പിറ്റേന്ന് പുലർച്ചെ 2 മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.