ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ ആരംഭിച്ചു

featured GCC News

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ ആരംഭിച്ചു. 2024 ഒക്ടോബർ 16, ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസണിൽ പുതിയ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: Global Village.

യു എ ഇയിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ മറക്കാനാകാത്ത അനുഭവങ്ങൾ നൽകുന്നതാണ്. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2025 മെയ് 11 വരെ നീണ്ട് നിൽക്കും.

ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമയക്രമം

  • ആഴ്ച തോറും ഞായർ മുതൽ ബുധൻ വരെ: വൈകീട്ട് 4 മണിമുതൽ രാത്രി 12 മണിവരെ.
  • വ്യാഴം, വെള്ളി, ശനി, മറ്റു പൊതു അവധിദിനങ്ങൾ: വൈകീട്ട് 4 മണിമുതൽ രാത്രി 1 മണിവരെ.

ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ റെസ്റ്ററെന്റ് പ്ലാസ, മൂന്ന് പുതിയ സാംസ്കാരിക പവലിയനുകൾ തുടങ്ങിയ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റയിൽവേ മാർക്കറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് മുതലായ ആകർഷണങ്ങൾ സന്ദർശകർക്ക് എക്കാലവും സൂക്ഷിച്ച് വെക്കാവുന്ന ദൃശ്യങ്ങൾ പകർത്തുന്നതിന് അവസരമൊരുക്കുന്നു.

Source: Global Village.

ഗ്ലോബൽ വില്ലേജിലെ കാർണവൽ ഫൺ ഫെയർ മേഖലയ്ക്കരികിലായാണ് പുതിയ റെസ്റ്ററെന്റ് പ്ലാസ ഒരുക്കിയിരിക്കുന്നത്. ഇതിൽ കാഴ്ച്ചകൾ ആസ്വദിക്കാവുന്ന തരത്തിലുള്ള ഇരുനിലകളുള്ള പതിനൊന്ന് റെസ്റ്ററന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെസ്റ്ററെന്റ് പ്ലാസയിലെത്തുന്ന സന്ദർശകർക്ക് ലൈവ് ഷോകൾ, മറ്റു കലാപ്രകടനങ്ങൾ എന്നിവ രസിച്ച് കൊണ്ട് രുചികരമായ ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നതിന് അവസരം ലഭിക്കുന്നു.

നിലവിലെ സീസണിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90-ലധികം സംസ്‌കാരങ്ങൾ പ്രദർശിപ്പിക്കുകയും 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ ഉൾക്കൊള്ളുകയും ചെയ്യുന്ന പവലിയനുകളുടെ എണ്ണം 30 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.

‘ജോർദാൻ’, ‘ഇറാഖ്’, ‘ശ്രീലങ്ക & ബംഗ്ലാദേശ്’ എന്നിങ്ങനെ ഈ സീസണിൽ മൂന്ന് ആവേശകരമായ പുതിയ പവലിയനുകൾ അവതരിപ്പിക്കുന്നുണ്ട്. ഈ വൈവിധ്യമാർന്ന രാജ്യങ്ങളിലെ സമ്പന്നമായ സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ, പാചക ആനന്ദങ്ങൾ, ഷോപ്പിംഗ് ഇനങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ ഓരോ പവലിയനും അതിഥികളെ അനുവദിക്കുന്നു.

മൂന്ന് പുതിയ സാംസ്കാരിക പവലിയനുകൾ കൂടി ആരംഭിക്കുന്നതോടെ ഗ്ലോബൽ വില്ലേജിൽ 90-ൽ പരം സംസ്കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ആകെ പവലിയനുകളുടെ എണ്ണം മുപ്പതായി മാറുന്നതാണ്. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള കാഴ്ചകൾ, വിപണനവസ്തുക്കൾ, വ്യാപാരശാലകൾ തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് ഈ ഓരോ പവലിയനുകളും.

ലോകോത്തര പ്രകടനക്കാർ, പ്രിയപ്പെട്ട കഥാപാത്രങ്ങൾ, സംഗീതകച്ചേരികൾ, തെരുവ് പ്രകടനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 40,000-ത്തിലധികം ഷോകളും പ്രകടനങ്ങളും ഈ സീസണിൽ അരങ്ങേറുന്നതാണ്. സൈബർ സിറ്റി ഡേഞ്ചർ സോൺ സ്റ്റണ്ട് ഷോ ഈ സീസണിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

കുട്ടികൾക്കായി കിഡ്‌സ് തിയേറ്ററിൽ ദി വണ്ടറേഴ്‌സ്, പിജെ മാസ്‌ക്‌സ്, പീറ്റർ റാബിറ്റ്, ഒക്ടോനട്ട്‌സ് എന്നിവയിൽ നിന്നുള്ള ആകർഷകമായ പ്രകടനങ്ങൾ അവതരിപ്പിക്കുന്നതാണ്. ഈ സീസണിലെ ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് എന്നിവയിൽ നിന്നും ഗ്ലോബൽ വില്ലേജിലെ ഗേറ്റിൽ നിന്നും ലഭ്യമാകുന്നതാണ്.