ദുബായ്: അൽ നാസർ ക്ലബിൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

GCC News

ദുബായിലെ കൊറോണാ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനായി അൽ നാസർ ക്ലബിൽ പൊതുജനങ്ങൾക്കായുള്ള മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. രാവിലെ 8 മുതൽ വൈകീട്ട് 6.30 വരെ പ്രവർത്തിക്കുന്ന ഈ ഡ്രൈവ്-ത്രൂ COVID-19 പരിശോധനാ കേന്ദ്രത്തിൽ യു എ ഇ പൗരന്മാർക്കും നിവാസികൾക്കും വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ സൗജന്യമായി കൊറോണാ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

അഞ്ച് മിനിറ്റ് കൊണ്ട് പരിശോധന നടപടികൾ പൂർത്തിയാക്കാനും, പരിശോധനാ ഫലങ്ങൾ 48 മണിക്കൂറിനകം ലഭ്യമാക്കുവാനും കഴിയുന്ന രീതിയിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്.

ദിനവും 250-തോളം പരിശോധനകൾ നടത്താവുന്ന ഈ മൊബൈൽ പരിശോധനാ കേന്ദ്രത്തിൽ പ്രായമായവർ, ഗർഭിണികൾ, മാരകമായ രോഗങ്ങൾ ഉള്ളവർ, COVID-19 ലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്കായിരിക്കും മുൻഗണന. DHA-യുടെ കീഴിൽ ദുബായിൽ ആരംഭിച്ചിട്ടുള്ള മൂന്നാമത്തെ ഡ്രൈവ്-ത്രൂ COVID-19 പരിശോധനാ കേന്ദ്രമാണിത്.

ഡ്രൈവ്-ത്രൂ COVID-19 പരിശോധന എങ്ങിനെ?

  • 800DHA (800342) എന്ന നമ്പറിൽ വിളിച്ച് പരിശോധനയ്ക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കുക. ഈ സംവിധാനത്തിൽ രെജിസ്റ്റർ ചെയ്ത ശേഷം നിങ്ങൾക്ക് SMS വഴി ഒരു മെസ്സേജ് ലഭിക്കുന്നതാണ്. പരിശോധനാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ ഈ മെസ്സേജും നിങ്ങളുടെ എമിറേറ്റ്സ് ഐഡിയും കൈയിൽ കരുതണം.
  • നിലവിൽ ദുബായിൽ വീടുകൾക്ക് പുറത്തിറങ്ങുന്നതിന് മൂവ് പെർമിറ്റ് നിർബന്ധമാണ്. COVID-19 പരിശോധനകൾക്കായി യാത്ര ചെയ്യുമ്പോളും ഇവ നിർബന്ധമായതിനാൽ, https://dxbpermit.gov.ae/permits എന്ന വെബ്സൈറ്റിലൂടെ പെർമിറ്റിന് രെജിസ്റ്റർ ചെയ്ത ശേഷം മാത്രമേ വീടിനു പുറത്തിറങ്ങാവു. മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമായും ധരിക്കുക.
  • ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രത്തിൽ നിങ്ങൾക്ക് രെജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച മെസ്സേജും നിങ്ങളുടെ എമിറേറ്റ്സ് ഐഡിയും കാണിക്കുക. ഇവ പരിശോധിച്ച ശേഷം ആരോഗ്യ പ്രവർത്തകർ നിങ്ങളുടെ COVID-19 പരിശോധനകൾ 5 മിനിറ്റ് കൊണ്ട് പൂർത്തിയാക്കും.
  • പരിശോധനാ ഫലങ്ങൾ 48 മണിക്കൂറിനകം DHA-യുടെ ആപ്പിലൂടെ അറിയാവുന്നതാണ്.
  • ഇത്തരം പരിശോധനകളിൽ COVID-19 പോസിറ്റിവ് ഫലം ലഭിക്കുന്നവർ ഉടൻ തന്നെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി സ്വയം ഐസൊലേഷനിൽ തുടരണം. രോഗം കണ്ടെത്തിയവരെ DHA ചികിത്സാ നടപടികൾക്കായി ബന്ധപെടുന്നതാണ്. COVID-19 പോസിറ്റീവ് ആയി കണ്ടെത്തിയവരുമായി ഏതെങ്കിലും സാഹചര്യത്തിൽ DHA ബന്ധപ്പെടുന്നില്ലാ എങ്കിൽ ഫലം ലഭിച്ച് 24 മണിക്കൂറിനകം 800DHA (800342) എന്ന നമ്പറിൽ വിളിക്കണ്ടതാണ്.