ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഷൗപെങ്ങ് (XPeng) രൂപകൽപ്പന ചെയ്ത eVTOL ഫ്ലയിങ് കാർ X2-ൻ്റെ ലോകത്തിലെ ആദ്യത്തെ പൊതു പരീക്ഷണ പറക്കൽ ദൗത്യത്തിന് ദുബായ് സാക്ഷ്യം വഹിച്ചു. ദുബായ് ഇൻ്റർനാഷണൽ ചേംബറാണ് സ്കൈഡൈവ് ദുബായിൽ വെച്ച് നടന്ന ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ദുബായ് വേൾഡ് ട്രേഡ് സെൻ്റർ അതോറിറ്റി എന്നിവയുടെ പിന്തുണയോടെയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ദുബായിൽ പറന്നുയർന്നതിനുശേഷം X2 അതിൻ്റെ ചരിത്രപരമായ 90 മിനിറ്റ് പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.
ഹ്രസ്വ-ദൂര ഫ്ലൈറ്റുകളുടെയും ഇൻ്റലിജൻ്റ് മൊബിലിറ്റി സൊല്യൂഷനുകളുടെയും ചരിത്രത്തിൽ ഒരു പുതിയ യുഗം അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു ഈ പരീക്ഷണ പറക്കൽ.
ഈ ചടങ്ങിൽ ദുബായിലെ ചൈനീസ് കോൺസൽ ജനറൽ ലി സുഹാങ്, ദുബായ് ചേംബേഴ്‌സ് ആക്ടിംഗ് പ്രസിഡൻ്റും സി.ഇ.ഒയുമായ ഹസൻ അൽ ഹാഷിമി, ഷൗപെങ്ങ് വൈസ് ചെയർമാനും പ്രസിഡൻ്റുമായ ഡോ. ബ്രയാൻ ഗു, ദുബായ് ഇൻഡസ്ട്രീസ് ആൻഡ് എക്‌സ്‌പോർട്ട്‌സ് ഡെപ്യൂട്ടി സി.ഇ.ഒ. ഡോ. മുഹമ്മദ് അൽ കമാലി എന്നിവരും, സർക്കാർ ഉദ്യോഗസ്ഥർ, പ്രാദേശികവും അന്തർദ്ദേശീയവുമായ മാധ്യമങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
രണ്ട് യാത്രികർക്ക് സഞ്ചരിക്കാവുന്ന അത്യന്താധുനികമായ eVTOL ഫ്ലയിംഗ് കാർ X2-വിൽ ഒരു ഇൻ്റലിജൻ്റ് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവും, സ്വയം നിയന്ത്രിക്കുന്ന ഫ്ലൈറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഷൗപെങ്ങ് സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ തലമുറ ഫ്ലയിങ് കാറാണിത്. കാർബൺ ഡൈ ഓക്സൈഡ് പ്രസാരണം തീരെയില്ലാത്ത ഈ വാഹനത്തിന് നഗര പരിധികളിൽ വളരെ താഴ്ന്ന് പറക്കുന്നതിനുള്ള ശേഷിയുണ്ട്. X2-വിന്റെ പരമാവധി ഫ്ലൈറ്റ് വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്.
WAM