ദുബായ് ഏരിയൽ ടാക്സിയുമായി ബന്ധപ്പെട്ട ആദ്യത്തെ വെർട്ടിപോർട്ട് നിർമ്മിക്കുന്നതിന് ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഔദ്യോഗിക അനുമതി നൽകി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
#Dubai gears up for a new era in aerial mobility with cutting-edge technology and innovation with the inauguration of the construction of the first Aerial Taxi Vertiport near Dubai International Airport.@rta_dubai | @jobyaviation | @Skyports_Infra pic.twitter.com/SWZU3cSZqd
— Dubai Media Office (@DXBMediaOffice) November 12, 2024
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്താണ് ഈ ദുബായ് ഏരിയൽ ടാക്സി വെർട്ടിപോർട്ട് നിർമ്മിക്കുന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്ന ലോകത്തെ ആദ്യ നഗരം എന്ന നേട്ടം കൈവരിക്കുന്നതിനാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബായിയുടെ നാഗരിക സൗന്ദര്യത്തിന് ചേരുന്ന രീതിയിലുള്ള ഒരു അത്യാധുനിക രൂപകല്പനയോടെയാണ് ഈ വെർട്ടിപോർട്ട് നിർമ്മിക്കുന്നത്. യാത്രികർക്ക് അത്യന്തം സൗകര്യപ്രദമായ യാത്രാനുഭവം നൽകുന്നതിന് ലക്ഷ്യമിടുന്നതാണ് ഈ രൂപകൽപ്പന.
3100 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഈ വെർട്ടിപോർട്ടിൽ ഏരിയൽ ടാക്സി വിമാനങ്ങൾക്ക് പൊങ്ങുന്നതിനും, ഇറങ്ങുന്നതിനുമുള്ള വ്യത്യസ്ത സോണുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ ഇത്തരം വിമാനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള സൗകര്യം, ഏരിയൽ ടാക്സി പാർക്കിംഗ് ഏരിയ, മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയും ഇതിൽ ഉൾപ്പെടുത്തുന്നതാണ്.
വാർഷികാടിസ്ഥാനത്തിൽ ഏതാണ്ട് 170000 യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനും, 42000 ഏരിയൽ ടാക്സി ലാൻഡിംഗ് സേവനങ്ങൾ നല്കുന്നതിനുമാകുന്ന രീതിയിലാണ് ഈ വെർട്ടിപോർട്ട് നിർമ്മിക്കുന്നത്.
2026-ഓടെ എമിറേറ്റിൽ ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നേരത്തെ ഒപ്പ് വെച്ചിരുന്നു.
ദുബായ് RTA, യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, വ്യോമയാന ടാക്സി സേവന സംവിധാനങ്ങളുടെ നിർമ്മാതാക്കളായ ജോബി ഏവിയേഷൻ, വെർട്ടിപോർട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമേഖലയിൽ പ്രവർത്തിക്കുന്ന സ്കൈസ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.
ഈ സേവനത്തിനായി ജോബി ഏവിയേഷൻ തയ്യാറിക്കിയിരിക്കുന്ന ‘Joby Aviation S4’ ഏരിയൽ ടാക്സി വാഹനമാണ് ഉപയോഗിക്കുന്നത്. നാല് യാത്രികർക്കും, ഒരു പൈലറ്റിനും സഞ്ചരിക്കാനാകുന്ന ഈ വാഹനത്തിന് ആറ് പ്രൊപ്പല്ലറുകളും, നാല് ബാറ്ററി പാക്കുകളുമുണ്ട്.
ഈ ഏരിയൽ ടാക്സി വാഹനത്തിന്റെ പരമാവധി റേഞ്ച് 161 കിലോമീറ്ററാണ്. മണിക്കൂറിൽ 321 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുന്ന ഈ പരിസ്ഥിതി സൗഹൃദ വാഹനം ഒരു ട്രിപ്പിന് വേണ്ടി ചാർജ് ചെയ്യുന്നതിന് 10 മിനിറ്റ് മാത്രമാണെടുക്കുന്നത്.
2026-ൽ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാനിരിക്കുന്ന ആദ്യ ഘട്ടത്തിൽ ദുബായിലെ താഴെ പറയുന്ന നാല് ഇടങ്ങളിലാണ് ഈ ഏരിയൽ ടാക്സി സേവനങ്ങൾ നടപ്പിലാക്കുന്നത്:
- ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
- ഡൗൺടൗൺ മേഖല
- ദുബായ് മറീന
- പാം ജുമേയറാഹ്
എയർ ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട സ്റ്റേഷനുകളുടെ രൂപരേഖകൾക്ക് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു.
Cover Image: Dubai Media Office.