സാമ്പത്തിക, നിക്ഷേപ, വ്യാപാര രംഗത്തെ സംയുക്ത സഹകരണം സംബന്ധിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ചർച്ച ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യാപാരം വർധിപ്പിക്കുന്നതിന്റെയും, ഇതുമായി ബന്ധപ്പെട്ട സംയുക്ത ചർച്ചകൾ സംഘടിപ്പിക്കുന്നതിന്റെയും സാധ്യതകൾ സംബന്ധിച്ച് ഈ യോഗത്തിൽ ഇരുകൂട്ടരും വിശകലനം ചെയ്തു. ചേംബർ ഡയറക്ടർ ജനറൽ സലേം അൽ സുവൈദിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഇക്കണോമിക് ആൻഡ് കൊമേഴ്‌സ്യൽ കോൺസൽ കെ. കാളിമുത്തുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
ഇതിന്റെ ഭാഗമായി വാണിജ്യ, നിക്ഷേപ പ്രതിനിധിസംഘങ്ങളുടെ സന്ദർശനത്തിന്റെ തോത് ഉയർത്തുന്നതിനെക്കുറിച്ചും, നിക്ഷേപകർക്കും, വ്യവസായികൾക്കുമായുള്ള പ്രത്യേക ചര്‍ച്ചാവേദികൾ ഒരുക്കുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ഈ യോഗത്തിൽ ചൂണ്ടിക്കാട്ടി. ബിസിനസ് വിപുലീകരണത്തിനും വികസനത്തിനുമായി സാമ്പത്തിക ബന്ധങ്ങളുടെ ആഗോള ശൃംഖല സൃഷ്ടിക്കുന്നതിനും അജ്മാനെ ഒരു നിക്ഷേപ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചേംബറിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച.
നിക്ഷേപകരെ ആകർഷിക്കുന്ന എമിറേറ്റിന്റെ നേട്ടങ്ങളും മത്സര സവിശേഷതകളും ചേംബറിന്റെ ഡയറക്ടർ ജനറൽ എടുത്തുകാണിച്ചു. അജ്മാനിലെ വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങളെയും അതിന്റെ വികസിത അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക, വാണിജ്യ കോൺസൽ പ്രശംസിച്ചു.
WAM