ദുബായിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഏപ്രിൽ 26 മുതൽ പാസ്സ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആറ് BLS സേവന കേന്ദ്രങ്ങളാണ് പ്രവർത്തനമാരംഭിക്കുക.
ഷാർജ മെയിൻ BLS സെന്റർ, ദുബായ് അൽ ഖലീജ് BLS സെന്റർ, ദുബായ് ദെയ്‌റയിലെ BLS കേന്ദ്രം, ഫുജൈറഹ് ISC BLS കേന്ദ്രം, റാസ് അൽ ഖൈമയിലെ BLS കേന്ദ്രം, അജ്‌മാനിലെ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തിക്കുന്ന BLS കേന്ദ്രം എന്നിവയാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തനമാരംഭിക്കുക. മറ്റ് BLS കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് പിന്നീട് നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നും ഏപ്രിൽ 25-ലെ കോൺസുലേറ്റ് അറിയിപ്പിൽ പറയുന്നുണ്ട്.
നിലവിൽ കാലാവധി കഴിഞ്ഞതോ, മെയ് 31-നു മുൻപ് കാലാവധി കഴിയുന്നതോ ആയ പാസ്പോർട്ടുകൾക്ക് മാത്രമേ ഈ ഘട്ടത്തിൽ സേവനങ്ങൾ ലഭ്യമാകൂ. മുൻകൂട്ടി അനുവാദം നേടിയ ശേഷം മാത്രമായിരിക്കും ഈ കേന്ദ്രങ്ങളിൽ സേവനങ്ങൾ ലഭ്യമാക്കുക എന്നും അറിയിപ്പിൽ പറയുന്നുണ്ട്.

BLS കേന്ദ്രങ്ങളിലെ പാസ്സ്‌പോർട്ട് പുതുക്കുന്നത് സംബന്ധിച്ച നടപടികൾ:
- നിലവിൽ കാലാവധി കഴിഞ്ഞതോ, മെയ് 31-നു മുൻപ് കാലാവധി കഴിയുന്നതോ ആയ പാസ്പോർട്ടുകൾ പുതുക്കേണ്ടവർ info@blsindiavisa-uae.com എന്ന വിലാസത്തിൽ, സന്ദര്‍ശനത്തിനുള്ള സമയം ലഭിക്കുന്നതിനായി വിശദ വിവരങ്ങൾ സഹിതം മെയിൽ അയക്കുക.
- നിലവിൽ കാലാവധി കഴിഞ്ഞതോ, മെയ് 31-നു മുൻപ് കാലാവധി കഴിയുന്നതോ ആയ പാസ്പോർട്ടുകൾക്ക് മാത്രമേ BLS കേന്ദ്രങ്ങളിൽ സന്ദർശനാനുമതി ലഭിക്കൂ.
- അർഹരായവർക്ക് BLS കേന്ദ്രങ്ങളിൽ സേവനങ്ങൾക്കായി എത്തേണ്ട സമയം സന്ദേശമായി ലഭിക്കുന്നതാണ്.
- മറ്റ് അടിയന്തിരമായ ആവശ്യങ്ങൾക്ക് passport.dubai@mea.gov.in എന്ന വിലാസത്തിൽ പാസ്സ്പോർട്ടിന്റെ കോപ്പി സഹിതം ആവശ്യങ്ങൾ അറിയിച്ചു കൊണ്ട് മെയിൽ അയക്കുക.
നിലവിൽ അറ്റസ്റ്റേഷൻ സേവനങ്ങളും മുൻകൂർ അനുമതി നേടിയവർക്ക് മാത്രമേ നൽകുകയുള്ളൂ എന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. മുൻകൂർ അനുമതികൾക്കായി 04 3579585 എന്ന നമ്പറിലോ, ivsglobaldxb@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. അടിയന്തിരമായ അറ്റസ്റ്റേഷൻ നടപടികൾക്കായി attestation.dubai@mea.gov.in എന്ന വിലാസത്തിൽ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.