പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള ചാർട്ടേർഡ് വിമാനങ്ങൾ എന്ന പേരിൽ, ഇന്ത്യൻ പ്രവാസികളെ വിവിധ ട്രാവൽ ഏജൻസികളും, വ്യക്തികളും സമീപിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുൽ അറിയിച്ചു. ഇത്തരത്തിൽ പ്രത്യേക ചാർട്ടേർഡ് വിമാനങ്ങൾക്ക് നിലവിൽ അംഗീകാരം നൽകിയിട്ടില്ല എന്ന് വ്യക്തമാക്കിയ കോൺസുലേറ്റ്, ഇത് സംബന്ധിച്ച് ഇന്ത്യൻ സമൂഹത്തിനോട് ജാഗ്രത പാലിക്കാനും, തട്ടിപ്പിനിരയാകാതിരിക്കാനും മുന്നറിയിപ്പ് നൽകി.
ചാർട്ടേർഡ് വിമാനങ്ങളെ കുറിച്ച് അധികൃതർ ചർച്ചകൾ നടത്തിവരികയാണെന്നും, നിലവിൽ ഇത്തരം ഒരു വിമാനങ്ങൾക്കും അനുമതി നൽകിയിട്ടില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. ഇത്തരം വിമാനങ്ങളിൽ സീറ്റ് ഉറപ്പിക്കുന്നതിനായും, ഇന്ത്യയിൽ എത്തുമ്പോൾ ഉള്ള ക്വാറന്റീൻ നടപടികൾക്കായി എന്ന തരത്തിലും പല വ്യക്തികളും മുൻകൂർ പണം ഈടാക്കുന്നതും, സാമ്പത്തിക തട്ടിപ്പുകൾക്കുള്ള ശ്രമങ്ങളും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ സർക്കാർ ഇത്തരം വിമാനങ്ങൾ അനുവദിച്ചിട്ടില്ല എന്നും, ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി ലഭിക്കുകയാണെങ്കിൽ തന്നെ അത് സംബന്ധിച്ച നടപടികൾ കോൺസുലേറ്റിലൂടെയായിരിക്കും നടപ്പിലാക്കുക എന്നും അധികൃതർ വ്യക്തമാക്കി. ചാർട്ടേർഡ് വിമാനങ്ങളെ കുറിച്ചുള്ള പ്രലോഭനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണമെന്ന് കോൺസുലേറ്റ് ആവശ്യപ്പെട്ടു.