ദുബായ്: ഇൻഫിനിറ്റി പാലം ജനുവരി 16-ന് തുറന്ന് കൊടുക്കുമെന്ന് RTA

UAE

ദുബായ് ക്രീക്കിൽ നിർമ്മിച്ചിട്ടുള്ള ഇൻഫിനിറ്റി പാലം 2022 ജനുവരി 16-ന് തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതിന്റെ ഭാഗമായി ഇൻഫിനിറ്റി പാലത്തിൽ RTA ജനുവരി 15-ന് പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു.

ഈ പരിശോധനകൾ തൃപ്തികരമാണെന്നും, വാഹനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന് ഇൻഫിനിറ്റി പാലം പൂർണ്ണസജ്ജമാണെന്നും RTA ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയർ വ്യക്തമാക്കി. ജനുവരി 15-ന് പാലത്തിൽ നടത്തിയ പരിശോധനകളുടെ ദൃശ്യങ്ങളും RTA ഇതോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്.

ഇൻഫിനിറ്റി പാലം ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ 2022 ജനുവരി 16, ഞായറാഴ്ച്ച മുതൽ രണ്ട് മാസത്തേക്ക്, ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ, അൽ ഷിൻഡഗ ടണൽ താത്‌കാലികമായി അടിച്ചിടുമെന്ന് RTA ജനുവരി 14-ന് അറിയിച്ചിരുന്നു.

ഇൻഫിനിറ്റി പാലത്തെയും അൽ ഷിൻഡഗ ടണലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ ട്രാഫിക് നിർത്തിവെക്കുന്നത്. അതേസമയം ബർ ദുബായിൽ നിന്ന് ദെയ്‌റയിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ അൽ ഷിൻഡഗ ടണലിലൂടെയുള്ള ട്രാഫിക് തടസപ്പെട്ടില്ലെന്നും, ഈ ദിശയിലെ ടണലിന്റെ പ്രവർത്തനനം സാധാരണ രീതിയിൽ തുടരുമെന്നും RTA വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ് ക്രീക്കിൽ അൽ ഷിൻഡഗ ടണലിനു സമീപത്തായാണ് ഇൻഫിനിറ്റി പാലം നിർമ്മിച്ചിരിക്കുന്നത്. അൽ ഷിൻഡഗ കോറിഡോർ പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് ഈ പാലം. ഇരു വശങ്ങളിലേക്കുമായി മണിക്കൂറിൽ 24000 വാഹനങ്ങൾക്ക് ഇൻഫിനിറ്റി പാലത്തിലൂടെ സഞ്ചരിക്കാവുന്നതാണ്. കാൽനടക്കാർക്കും, സൈക്കിൾ ഉപയോഗിക്കുന്നവർക്കുമായി 3 മീറ്റർ വീതിയിലുള്ള ഒരു പ്രത്യേക പാതയും ഈ പാലത്തിൽ ഒരുക്കിയിട്ടുണ്ട്.