2024-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ദശലക്ഷം യാത്രികർ സഞ്ചരിച്ചു

featured GCC News

2024-ന്റെ ആദ്യ പകുതിയിൽ ദുബായ് ഇന്റർനാഷ്ണൽ എയർപോർട്ടിലൂടെ (DXB) യാത്ര ചെയ്തവരുടെ എണ്ണം 44.9 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ അതിഥികളുടെ എണ്ണത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 8% വാർഷിക വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

9.31 ദശലക്ഷം അന്താരാഷ്ട്ര യാത്രികരാണ് ഈ കാലയളവിൽ DXB-യിലൂടെ സഞ്ചരിച്ചത്. പ്രതിഭകളുടെയും സംരംഭങ്ങളുടെയും നിക്ഷേപകരുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ വർദ്ധിച്ചുവരുന്ന ആകർഷണത്തെ ഇത് സൂചിപ്പിക്കുന്നു.

ഇന്ത്യ പോലുള്ള പ്രധാന ഉറവിട വിപണികളിൽ നിന്നുള്ള ശക്തമായ ഡിമാൻഡും ചൈന പോലുള്ള വിപണികളുടെ പുനരുജ്ജീവനവുമാണ് ഈ റെക്കോർഡ് നേട്ടത്തിന് കാരണമെന്ന് ദുബായ് എയർപോർട്ട് സി ഇ ഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. 2024-ൽ 91.8 ദശലക്ഷം വാർഷിക അതിഥികളെ പ്രവചിക്കുന്ന വിമാനത്താവളം റെക്കോർഡുകൾ തകർക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്ക് വെച്ചു.

ദുബായിലെ സാമ്പത്തിക, ടൂറിസം വകുപ്പ് അടുത്തിടെ പുറത്തുവിട്ട ഈ കണക്കുകൾ ദുബായുടെ വളർച്ചയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. 2024 ലെ ഒന്നാം പാദത്തിൽ 115 ബില്യൺ ദിർഹത്തിൽ എത്തിയ ദുബായിലെ ജിഡിപി മുൻ വർഷത്തേക്കാൾ 3.2% വർധിച്ചിട്ടുണ്ട്.