ദുബായ്: പ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മാസ്കുകൾ ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിക്കുന്നു

GCC News

പ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം, തുടർച്ചയായി മാസ്കുകൾ ധരിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക്, ഇവ ഉപയോഗിക്കുന്നതിൽ ഇളവ് ലഭിക്കുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ദുബായ് പോലീസുമായി സംയുക്തമായാണ്, DHA മാസ്കുകൾ ഉപയോഗിക്കുന്നതിലെ ഇളവുകൾ നൽകുന്ന പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ നടപ്പിലാക്കുന്നത്.

മാസ്കുകൾ ധരിക്കുന്നതിൽ ഇളവ് അനുവദിക്കുന്ന പെർമിറ്റുകൾക്കുള്ള അപേക്ഷകൾ DHA-യുടെ മെഡിക്കൽ കമ്മിറ്റി ഓഫീസ് വിലയിരുത്തിയ ശേഷമായിരിക്കും അവ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. മാസ്കുകൾ ഉപയോഗിക്കുന്നത് മൂലം അപേക്ഷകന് നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ വഷളാകാമെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഈ അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടതാണ്.

ദുബായ് പോലീസിന്റെ കീഴിലുള്ള https://www.dxbpermit.gov.ae/home എന്ന വെബ്സൈറ്റിലൂടെ മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷയോടൊപ്പം മെഡിക്കൽ റിപ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയും സമർപ്പിക്കേണ്ടതാണ്. ഇവ DHA വിലയിരുത്തിയ ശേഷം അഞ്ച് ദിവസങ്ങൾക്കുള്ളിൽ നടപടിയെടുക്കുന്നതാണ്. ഇത്തരത്തിൽ അനുവദിക്കുന്ന പെർമിറ്റുകളുടെ കാലാവധി ഓരോ വ്യക്തിയുടെയും ആരോഗ്യ സ്ഥിതിയനുസരിച്ചായിരിക്കും തീരുമാനിക്കുക.

താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്:

  • ഫംഗസ് മൂലമുണ്ടാകുന്ന ചർമ്മവീക്കം ഉള്ളവർ. ഇത്തരക്കാർക്ക് മാസ്കുകൾ ഉപയോഗിക്കുന്നത് മൂലം മുഖത്ത് നിന്ന് രക്തസ്രാവം, ചൊറിച്ചിൽ, മൊരിപിടിക്കുന്ന ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
  • മാസ്കുകൾ മൂലം അലർജി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ.
  • മുഖം, മൂക്ക്, വായ എന്നിവിടങ്ങളിൽ ചൊറി, പുഴുക്കടി മുതലായ പ്രശ്നങ്ങൾ ഉള്ളവർ.
  • അതികഠിനമായ പീനസം അഥവാ സൈനസൈറ്റിസ് ബാധിതർ.
  • അനിയന്ത്രിതമായ ആസ്തമ ഉള്ളവർ.
  • മാനസികമായ പ്രശ്നങ്ങൾ അനുഭവപ്പെടാവുന്ന ഭിന്നശേഷിക്കാർ.

ഇത്തരം പെർമിറ്റുകൾ ലഭിക്കുന്നവർക്ക് മാസ്കുകൾ നിർബന്ധമല്ലെങ്കിലും, കഴിയുന്നതും പൊതു ഇടങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനും, മറ്റുള്ളവരുടെ സുരക്ഷയ്ക്കായും ഇത്തരക്കാരും മാസ്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് DHA ആഹ്വാനം ചെയ്തു.