ദുബായ് എമിറേറ്റിന്റെയും, ദുബായ് സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.
Mohammed bin Rashid issues law on emblems of Emirate of Dubai and the Government of Dubai pic.twitter.com/RnsIKRNPqY
— Dubai Media Office (@DXBMediaOffice) February 5, 2025
ദുബായ് ഭരണാധികാരിയും, യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 2025 ഫെബ്രുവരി 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച് ‘1/ 2025’ എന്ന നിയമമാണ് ദുബായ് ഭരണാധികാരി പുറത്തിറക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം ദുബായ് എമിറേറ്റ്, ദുബായ് സർക്കാർ എന്നിവർക്ക് പ്രത്യേകമായുള്ള ഔദ്യോഗിക ചിഹ്നങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ദുബായ് എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ ഉടമസ്ഥാവകാശം എമിറേറ്റ് ഓഫ് ദുബായിയിൽ നിക്ഷിപ്തമാണെന്നും, ഇതിന്റെ ഉപയോഗം നിശ്ചിത ചടങ്ങുകൾ, ഇടങ്ങൾ, രേഖകൾ, മുദ്രണങ്ങൾ തുടങ്ങിയവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഈ നിയമം വ്യക്തമാക്കുന്നു. ദുബായ് സർക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ ഉപയോഗം സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ, സർക്കാർ കൗൺസിലുകൾ, സർക്കാർ അധികൃതർ തുടങ്ങിയവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ദുബായ് എമിറേറ്റിന്റെയും, ദുബായ് സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നങ്ങളുടെ ദുരുപയോഗം തടയുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ പരാമർശിച്ചിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെയും, ഇവയുടെ ഉപയോഗം സംബന്ധിച്ച് നിയമത്തിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിക്കാതെയും ഇവ ഉപയോഗിക്കുന്നതിന് അനുവാദമുണ്ടായിരിക്കുന്നതല്ല.
നിയമം പാലിക്കാതെ ഈ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്കും, ഇവ ദുരുപയോഗം ചെയ്യുന്നവർക്കും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും, അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കുന്നതാണ്. ഈ നിയമം ഉടൻ തന്നെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതും, ഇത് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ദുബായിയിൽ പ്രാബല്യത്തിൽ വരുന്നതുമാണ്.
WAM [Cover Image: Dubai Media Office.]