വരുന്ന ദശകത്തിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക കാര്യപരിപാടിയ്ക്ക് (D33) ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു. അടുത്ത പത്ത് വർഷത്തിനിടയിൽ എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥയെ ഇരട്ടിപ്പിക്കുന്നതിന് ഈ കാര്യപരിപാടിയിലൂടെ ദുബായ് ലക്ഷ്യമിടുന്നു.
2023 ജനുവരി 4-നാണ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കാര്യം പ്രഖ്യാപിച്ചത്. ആഗോളതലത്തിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്ന് എന്ന പദവി നിലനിർത്തുന്നതിനും ഇതിലൂടെ ദുബായ് ലക്ഷ്യമിടുന്നു.
“ദുബായ് എക്കണോമിക് അജണ്ടയ്ക്ക് – D33 – ഞങ്ങൾ ഇന്ന് അംഗീകാരം നൽകി. അടുത്ത ഒരു ദശകത്തിനിടയിൽ ദുബായിയുടെ സമ്പദ്‌വ്യവസ്ഥയെ ഇരട്ടിപ്പിക്കുന്നതിന് ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നു.”, അദ്ദേഹം ഈ പ്രഖ്യാപനത്തിന്റെ ഭാഗമായി അറിയിച്ചു.
“പത്ത് വർഷം കൊണ്ട് ലോകത്തെ ഏറ്റവും വലിയ നാല് സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി ദുബായിയെ പ്രതിഷ്ഠിക്കുന്നതിനും, നേരിട്ടുള്ള വിദേശനിക്ഷേപം ഇരട്ടിയാക്കിക്കൊണ്ട് 650 ബില്യൺ ദിർഹത്തിലെത്തിക്കുന്നതിനും ഇതിലൂടെ ഞങ്ങൾ ലക്‌ഷ്യം വെക്കുന്നു. ഇതിന്റെ ഭാഗമായി ഡിജിറ്റൽ ഇക്കണോമിയുടെ പങ്ക് വാർഷികാടിസ്ഥാനത്തിൽ 100 ബില്യൺ ദിർഹത്തിലെത്തിക്കുന്നതാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
D33-ന്റെ ഭാഗമായി 100 വിപ്ലവകരമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ അകെ 32 ട്രില്യൺ ദിർഹത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്റെ ഭാഗമായി ദുബായിയുമായി വാണിജ്യ പങ്കാളിത്തമുള്ള നഗരങ്ങളുടെ എണ്ണം നാനൂറിലേക്ക് ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു. 2033-ഓടെ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് കേന്ദ്രമായി ദുബായ് മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
D33-ന്റെ ഭാഗമായി താഴെ പറയുന്ന ലക്ഷ്യങ്ങളാണ് പ്രധാനമായും ദുബായ് മുന്നോട്ട് വെക്കുന്നത്:
- എമിറേറ്റിന്റെ വിദേശ നിക്ഷേപം ഇരട്ടിയാക്കുക.
- തൊഴിൽ മേഖലയിൽ 65000 എമിറാത്തി യുവാക്കളെ പങ്കാളികളാക്കുക.
- ആഗോള ബിസിനസ് മേഖലയിൽ വമ്പൻ കമ്പനികളായി തീരുന്നതിന് മുപ്പത് സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം നൽകുക.
- എല്ലാ കമ്പനികൾക്കും ഏകീകൃതമായ ഒരു ലൈസൻസ് നടപ്പിലാക്കുക.
- എമിറേറ്റിൽ സുസ്ഥിര സാമ്പത്തിക വികസന നയം നടപ്പിലാക്കുക.
- ബിസിനസ് സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് കൊണ്ട് ‘സാൻഡ്‌ബോക്സ് ദുബായ്’ പദ്ധതി നടപ്പിലാക്കുക.
- ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളെ ദുബായിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പിലാക്കുക.
- സ്വകാര്യ മേഖലയിലെ നിക്ഷേപം അടുത്ത പത്ത് വർഷത്തിനിടയിൽ ഒരു ട്രില്യൺ ദിർഹമാക്കി ഉയർത്തുക. കഴിഞ്ഞ ദശകത്തിൽ ഇത് 790 ബില്യൺ ദിർഹമായിരുന്നു.
- ഉത്പാദനമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക.
- ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ലോജിസ്റ്റിക്കൽ കേന്ദ്രങ്ങളിൽ ഒന്നായി ദുബായിയെ മാറ്റുക.
- ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ദുബായിയെ മാറ്റുക.
With inputs from WAM