റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2023 സെപ്റ്റംബർ 8-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ നിങ്ങളുടെയും, റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് നിങ്ങൾ ചെയ്യുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് റോഡ് സുരക്ഷ ഉറപ്പ് വരുത്തുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.
ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ പ്രാഥമികമായി പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും പോലീസ് പങ്ക് വെച്ചിട്ടുണ്ട്:
- വാഹനം ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് ദിശമാറ്റുന്നതിന് മുൻപായി സഞ്ചാരപാതയിൽ മറ്റു വാഹനങ്ങൾ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- മറ്റു വാഹനങ്ങൾക്ക് കാണാനാകുന്ന രീതിയിൽ മാത്രം വാഹനം ദിശമാറ്റേണ്ടതാണ്.
- വാഹനം ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് ദിശമാറ്റുന്നതിന് മുൻപായി ഇൻഡിക്കേറ്ററുകൾ കൃത്യമായി ഉപയോഗിക്കേണ്ടതാണ്.
- പടിപടിയായി മാത്രം വാഹനം ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് ദിശമാറ്റേണ്ടതാണ്. പെട്ടന്നുള്ള വെട്ടിത്തിരിക്കലുകൾ ഒഴിവാക്കേണ്ടതാണ്.
- ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ ഒരേ വേഗത പുലർത്താൻ ശ്രദ്ധിക്കേണ്ടതാണ്.
Cover Image: WAM.