ദുബായ്: ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിൽ സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികളുമായി പോലീസ്

GCC News

എമിറേറ്റിലെ ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നതിനായി ‘ടൂർ ദുബായ് സേഫിലി’ എന്ന പേരിൽ ദുബായ് പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. ട്രാഫിക് നിയമങ്ങളെക്കുറിച്ചും, മരുഭൂമേഖലകളിലും, മണൽക്കൂനകളിലും വാഹനങ്ങൾ ഉപയോഗിക്കുന്ന അവസരങ്ങളിൽ പാലിക്കേണ്ടതായ പൊതു സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ പരിപാടി.

ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്മെന്റ്, ലഹ്ബാബ് പോലീസ് സ്റ്റേഷൻ, അൽ ഫഖാ പോലീസ് സ്റ്റേഷൻ എന്നിവർ സംയുക്തമായാണ് ഈ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. അൽ അവീർ, ലഹ്ബാബ്, മർഘാം മുതലായ മേഖലകളിൽ പ്രവർത്തിക്കുന്ന ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിലാണ് ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ബോധവത്കരണം നൽകുന്നത്.

പൊതുസമൂഹത്തിൽ സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ വളർത്തുന്നതിനും, ട്രാഫിക് നിയമങ്ങളെക്കുറിച്ചും, റോഡ് സുരക്ഷയെക്കുറിച്ചും ജനങ്ങളെ ബോധവത്‌കരിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് H.E. ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി നൽകിയിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രചാരണ പരിപാടികളെന്ന് ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ അൽ ജല്ലാഫ് അറിയിച്ചു.

Source: Dubai Police.

ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ഡ്രൈവർമാർക്ക് മരുഭൂപ്രദേശങ്ങളിലെ തടസങ്ങൾക്കനുസൃതമായി ഡ്രൈവ് ചെയ്യുന്നതിനെക്കുറിച്ചും, വാഹനങ്ങളുടെ ടയറുകളിലെ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിനെക്കുറിച്ചും, ഓഫ്-റോഡ് വാഹനങ്ങളിൽ സൂക്ഷിക്കേണ്ടതായ സേഫ്റ്റി കിറ്റ് ഉൾപ്പടെയുള്ള അടിയന്തിരാവശ്യങ്ങൾക്കുള്ള സാധനങ്ങളെക്കുറിച്ചും ബോധവത്കരണം നൽകി.