എമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു. മാർച്ച് 22-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
2021 ഫെബ്രുവരി 11 മുതൽ മാർച്ച് 17 വരെ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായാണ് നിയമലംഘനങ്ങൾ നടത്തിയ ഈ വാഹനങ്ങൾ പിടിച്ചെടുത്തത്. വാഹനങ്ങൾ നിയമങ്ങൾ മറികടന്ന് രൂപമാറ്റം വരുത്തുക, എൻജിൻ ശക്തി അനുവദനീയമായതിലും കൂടുതലായി ഉയർത്തുക, നിവാസികൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ അസഹ്യമായ രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ ലംഘനങ്ങൾക്കാണ് ഈ വാഹനങ്ങൾക്കെതിരെ നടപടികൾ കൈക്കൊണ്ടതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.