2022 ഓഗസ്റ്റ് 27, ശനിയാഴ്ച ആരംഭിക്കുന്ന പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി. പതിനാറ് ദിവസം നീണ്ട് നിൽക്കുന്ന ഈ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ശനിയാഴ്ച ശ്രീലങ്കയും, അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം.
2022 ഓഗസ്റ്റ് 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ആകെ 13 മത്സരങ്ങളുള്ള ഈ ടൂർണമെന്റിലെ ഫൈനൽ ഉൾപ്പടെ പത്ത് മത്സരങ്ങൾ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. മറ്റ് മൂന്ന് മത്സരങ്ങൾ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ്.
ടൂർണമെന്റിന്റെ ഭാഗമായുള്ള ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2022 ഓഗസ്റ്റ് 28-ന് നടക്കുന്നതാണ്. 2022 സെപ്റ്റംബർ 11-നാണ് ഫൈനൽ മത്സരം.
ഏഷ്യ കപ്പ് 2022 മത്സരങ്ങൾ കാണുന്നതിനായെത്തുന്ന കാണികൾ പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് ദുബായ് പോലീസ് പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, മത്സരങ്ങളുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
- മത്സരങ്ങൾക്ക് 3 മണിക്കൂർ മുൻപ് മാത്രമാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന ഗേറ്റുകൾ തുറക്കുന്നത്.
- സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് സാധുതയുള്ള ടിക്കറ്റുകൾ നിർബന്ധമാണ്.
- നാല് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് നിർബന്ധമാണ്.
- ഒരു തവണ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചവർക്ക് മത്സരം അവസാനിക്കുന്നതിന് മുൻപായി സ്റ്റേഡിയത്തിന് പുറത്ത് പോയി തിരികെ വരുന്നതിന് അനുമതിയില്ല.
- സ്റ്റേഡിയത്തിലേക്ക് ഒരു വ്യക്തിയെ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതിനുള്ള അവകാശം സ്റ്റേഡിയം മാനേജ്മെന്റിൽ നിക്ഷിപ്തമാണ്.
- സ്റ്റേഡിയത്തിൽ പാർക്കിംഗ് ലഭ്യമാണ്.
- പാർക്കിങ്ങിനായി അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുമതി.
- നിരോധിക്കപ്പെട്ടിട്ടുള്ള വസ്തുക്കളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുന്നതല്ല.
ഏഷ്യ കപ്പ് 2022 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ താഴെ പറയുന്ന വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്:
- ഡ്രോണുകൾ പോലുള്ള റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ.
- ഗ്ലാസുകൾ.
- വളർത്ത് മൃഗങ്ങൾ.
- ഫ്ലാഷ് ഫോട്ടോ എടുക്കുന്നതിനും, വീഡിയോ എടുക്കുന്നതിനും നിയന്ത്രണം.
- നിയമം മൂലം നിരോധിച്ചിട്ടുള്ള വസ്തുക്കൾ. വിഷം പോലുള്ള വസ്തുക്കൾ.
- സെൽഫി സ്റ്റിക്ക്, മോണോപോഡ് എന്നിവ. കുടകൾ.
- ആശയവിനിമയത്തിനുള്ള റേഡിയോ ഉപകരണങ്ങൾ.
- പവർ ബാങ്ക്.
- മൂർച്ചയേറിയ ഉപകരണങ്ങൾ.
- കരിമരുന്ന് വസ്തുക്കൾ.
- പുറത്ത് നിന്നുള്ള ഭക്ഷണപാനീയങ്ങൾ .
- ലേസർ പോയിന്റർ.
- കൊടികൾ, തോരണങ്ങൾ.
- പുകവലി.
- സൈക്കിൾ, സ്കേറ്റ്ബോർഡ്, സ്‌കൂട്ടർ.