കുട്ടികൾക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് ‘ഓഫീസർ മൻസൂർ’ എന്ന ഒരു കാർട്ടൂൺ പരമ്പര ആരംഭിക്കുന്നതായി ദുബായ് പോലീസ് അറിയിച്ചു. 2024 ഓഗസ്റ്റ് 31-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2024 സെപ്റ്റംബർ 1 മുതലാണ് ‘ഓഫീസർ മൻസൂർ’ എന്ന ഈ കാർട്ടൂൺ പരമ്പര ആരംഭിക്കുന്നത്. കുട്ടികൾക്കിടയിൽ വിദ്യാഭ്യാസസംബന്ധിയായ വിഷയങ്ങളും, സുരക്ഷാ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈ കാർട്ടൂൺ സ്പേസ്ടൂൺ സാറ്റലൈറ്റ് ചാനലിലാണ് ആരംഭിക്കുന്നത്.
ദുബായ് പോലീസിന്റെ യൂട്യൂബ് ചാനലിലും ഈ കാർട്ടൂൺ ലഭ്യമാകുന്നതാണ്.
ഇതോടെ കുട്ടികൾക്കായി ഒരു കാർട്ടൂൺ പരമ്പര ആരംഭിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ പോലീസ് സേന എന്ന നേട്ടം ദുബായ് പോലീസ് കൈവരിച്ചു. ‘ഓഫീസർ മൻസൂർ’ എന്ന കേന്ദ്ര കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ കാർട്ടൂൺ ഒരുക്കിയിരിക്കുന്നത്.
സത്യസന്ധത, ആത്മർപ്പണം, പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങൾക്ക് പേര് കേട്ട ഓഫീസർ മൻസൂർ എന്ന കഥാപാത്രത്തെ പൊതുജനങ്ങളുടെ സന്തോഷത്തിനായി കർമ്മനിരതനാകുന്ന ഒരു ദുബായ് പോലീസ് സേനാംഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അംന, ടൈഗോ എന്ന നായ തുടങ്ങിയവരും ഈ കാർട്ടൂൺ പരമ്പരയിലെ കഥാപാത്രങ്ങളായെത്തുന്നു.
യഥാർത്ഥ ജീവിതത്തിൽ കുട്ടികൾ അഭിമുഖീകരിക്കാനിടയുള്ള സാഹചര്യങ്ങളെ പരിചയപ്പെടുത്തുന്ന രീതിയിലൊരുക്കിയിരിക്കുന്ന ഈ കാർട്ടൂൺ കുട്ടികൾക്ക് അവബോധം, ഗുണപാഠം എന്നിവ നൽകുന്നു. മുപ്പത്തഞ്ച് ആഴ്ചകളിലായി ഓരോ ദിവസവും അഞ്ച് തവണയായാണ് ‘ഓഫീസർ മൻസൂർ’ കാർട്ടൂൺ സ്പേസ്ടൂൺ ചാനലിൽ പ്രക്ഷേപണം ചെയ്യുന്നത്.
Cover Image: Dubai Police.