എട്ട് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ്

GCC News

ഇത്തവണത്തെ റമദാനിൽ, എമിറേറ്റിലെ എട്ട് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. 2025 ഫെബ്രുവരി 24-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ എട്ട് ഇടങ്ങളിൽ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ഇത്തരം പീരങ്കികൾ വിന്യസിക്കുമെന്നും, ഇതിന് പുറമെ, സഞ്ചരിക്കുന്ന രീതിയിലുള്ള ഒരു മൊബൈൽ പീരങ്കി റമദാനിലുടനീളം എമിറേറ്റിലെ പതിനേഴ് ഇടങ്ങളിലെത്തുമെന്നും പോലീസ് വ്യക്തമാക്കി.

നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ദുബായിലെ ഇടങ്ങൾ:

  • എക്സ്പോ സിറ്റി ദുബായ്.
  • അപ്ടൌൺ മിർദിഫ്.
  • വാസിൽ പ്രോപ്പർടീസ്.
  • ഹത്ത ഫോർട്ട് ഹോട്ടൽ.
  • ബുർജ് ഖലീഫ.
  • DAMAC ഹിൽസ്.
  • സാൾട്ട് ക്യാമ്പ്, കൈറ്റ് ബീച്ച്.
  • അൽ ഖവനീജ് മജ്‌ലിസ്.

ഇതിന് പുറമെ മെയ്ദാൻ ഹോട്ടൽ, ഗ്രാൻഡ് സത്വ മോസ്‌ക്, സബീൽ പാർക്ക്, ജുമേയ്‌റ തുടങ്ങിയ പ്രധാന ഇടങ്ങളിൽ റമദാൻ മാസത്തിൽ സഞ്ചരിക്കുന്ന രീതിയിലുള്ള ഒരു മൊബൈൽ പീരങ്കി സന്ദർശിക്കുന്നതാണ്.