രാജ്യത്ത് നിയമലംഘനങ്ങളായി കണക്കാക്കുന്ന തരത്തിലുള്ള ആശയങ്ങളും, സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നത് ജയിൽ ശിക്ഷ ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കാമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ക്രിമിനൽ കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന ഏതാനം തരത്തിലുള്ള സന്ദേശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ ദൃശ്യം, ജനങ്ങളിൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ദുബായ് പോലീസ് പങ്ക് വെച്ചു.
ജനുവരി 25-നാണ് ദുബായ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. നിയമലംഘനങ്ങളായി കണക്കാക്കുന്ന സന്ദേശങ്ങൾക്ക് കനത്ത പിഴയും, ജയിൽ ശിക്ഷയും ലഭിക്കുമെന്നും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്ക് വെക്കുന്ന അവസരത്തിൽ ഉത്തരവാദിത്വത്തോടെ പെരുമാറുന്നതിന് ദുബായ് നിവാസികളോട് അധികൃതർ ആഹ്വാനം ചെയ്തു. ഇത്തരത്തിൽ ശിക്ഷാ നടപടികളിലേക്ക് നയിക്കാവുന്ന തരത്തിലുള്ള സന്ദേശങ്ങളെക്കുറിച്ച് പോലീസ് ചൂണ്ടിക്കാട്ടി.
താഴെ പറയുന്ന തരത്തിലുള്ള സമൂഹ മാധ്യമ പോസ്റ്റുകൾക്ക് രണ്ടര ലക്ഷം മുതൽ ഒരു ദശലക്ഷം ദിർഹം വരെ പിഴ ലഭിക്കാമെന്ന് പോലീസ് വ്യക്തമാക്കി:
- ഇസ്ലാമിക വിശ്വാസങ്ങളെയോ, ആചാരങ്ങളെയോ അവഹേളിക്കുന്ന ആശയങ്ങൾ, സന്ദേശങ്ങൾ എന്നിവ.
- ഏതെങ്കിലും മറ്റു മത വിശ്വാസങ്ങളെയോ, ആചാരങ്ങളെയോ അവഹേളിക്കുന്ന ആശയങ്ങൾ, സന്ദേശങ്ങൾ എന്നിവ.
- ഏകദൈവാധിഷ്ഠിതമായ മതങ്ങളെ അപമാനിക്കുന്ന സന്ദേശങ്ങൾ.
- പാപങ്ങളായി കരുതുന്ന ആശയങ്ങൾ, പ്രവർത്തികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതോ, പ്രചോദിപ്പിക്കുന്നതോ, അനുകൂലിക്കുന്നതോ ആയ സന്ദേശങ്ങൾ.
- ദൈവം, പ്രവാചകന്മാർ, ഇസ്ലാം എന്നിവയ്ക്കെതിരായ എല്ലാതരം സന്ദേശങ്ങൾക്കും ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്നതാണ്.
- മതപരമായ അസഹിഷ്ണുത വളർത്തുന്ന സന്ദേശങ്ങൾ, വെറുപ്പ് വളർത്തുന്ന ആശയങ്ങൾ, മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ, മതങ്ങളെയോ അവഹേളിക്കുന്ന സന്ദേശങ്ങൾ എന്നിവയെല്ലാം യു എ ഇയിൽ കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
- മറ്റുള്ളവരുടെ സ്വകാര്യത, അവകാശങ്ങൾ എന്നിവ ഹനിക്കുന്ന ആശയങ്ങൾ, സന്ദേശങ്ങൾ മുതലായവ.
- ജനങ്ങൾക്കിടയിൽ വേർതിരിവ്, വിവേചനം എന്നിവ വളർത്തുന്ന എല്ലാതരം ആശയങ്ങളും.