ദുബായ്: പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും

featured GCC News

എമിറേറ്റിലെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു. 2023 ഡിസംബർ 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2024-നെ വരവേൽക്കുന്നതിനുള്ള ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് ദുബായ് നഗരത്തിൽ വിവിധ ഇടങ്ങളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ മുൻകരുതൽ നടപടികൾ പ്രഖ്യാപിക്കുന്നതിനായി കമ്മിറ്റി നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി 11972 പേരടങ്ങിയ സുരക്ഷാ സംഘത്തെ ദുബായിൽ വിന്യസിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൽ 5574 പോലീസ് ഉദ്യോഗസ്ഥർ, 1525 പട്രോളിംഗ്, സിവിൽ ഡിഫൻസ്, ആംബുലൻസ് എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, അനുബന്ധ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡുകളിൽ ഗതാഗത തടസം ഒഴിവാക്കുന്നതിനായി ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ പരിസരപ്രദേശങ്ങളിലെ വിവിധ റോഡുകളിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) മേൽനോട്ടത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡ് ഡിസംബർ 31-ന് വൈകീട്ട് 4 മണിക്ക് (പാർക്കിംഗ് ഏരിയ നിറയുന്ന സാഹചര്യത്തിൽ ഇതിലും നേരത്തെ അടയ്ക്കുന്നതാണ്.) അടയ്ക്കുന്നതാണ്. ബുലവാർഡ് ഏരിയ, ദുബായ് മാൾ തുടങ്ങിയ ഇടങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് റിസർവ് ചെയ്‌തിട്ടുള്ളവർ വൈകീട്ട് നാല് മണിയ്ക്ക് മുൻപായി ഇവിടെ എത്തിച്ചേരേണ്ടതാണ്.

ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ് ഡിസംബർ 31-ന് വൈകീട്ട് 4 മണിക്കും, അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ്, അൽ സുകൂക് സ്ട്രീറ്റ് എന്നിവ ഡിസംബർ 31-ന് രാത്രി 8 മണിക്കും അടയ്ക്കുന്നതാണ്.

ഔദ് മേത്ത റോഡിൽ നിന്ന് ബുർജ് ഖലീഫ ഡിസ്ട്രിക്ടിലേക്കുള്ള അൽ അസയേൽ റോഡ് ഡിസംബർ 31-ന് വൈകീട്ട് 4 മണിക്ക് അടയ്ക്കുന്നതാണ്. ഈ റോഡിൽ പിന്നീട് പൊതു ഗതാഗതത്തിനുള്ള ബസുകൾ, എമർജൻസി വാഹനങ്ങൾ എന്നിവ മാത്രമാണ് അനുവദിക്കുന്നത്.

ഡിസംബർ 31-ന് വൈകീട്ട് 4 മണി മുതൽ ഫ്യൂച്ചർ സ്ട്രീറ്റ് (2nd സാബീൽ റോഡ്, അൽ മെയ്ദാൻ റോഡ് എന്നിവയ്ക്കിടയിൽ) അടയ്ക്കുന്നതാണ്. ആഘോഷപരിപാടികൾ അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം തുടരും.

പുതുവർഷ വേളയിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 40 മണിക്കൂർ തുടർച്ചയായി സേവനങ്ങൾ നൽകുന്നതാണ്. 2023 ഡിസംബർ 31, ഞായറാഴ്ച്ച രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന റെഡ്, ഗ്രീൻ ലൈൻ മെട്രോ സേവനങ്ങൾ 2024 ജനുവരി 1, തിങ്കളാഴ്ച അർദ്ധരാത്രി വരെ പ്രവർത്തിക്കുന്നതാണ്.

2023 ഡിസംബർ 31, ഞായറാഴ്ച്ച രാവിലെ 9 മണിമുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ 2024 ജനുവരി 2, ചൊവ്വാഴ്ച്ച 1:00am വരെ പ്രവർത്തിക്കുന്നതാണ്.

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബായ് നഗരത്തിലെ 32 ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.