അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി ദുബായിലെ അൽ മൻഖൂൽ സ്ട്രീറ്റ് ‘ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചു. ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച ഉത്തരവ് ഫെബ്രുവരി 25-ന് പുറത്തിറക്കി.
GCC മേഖലയിലെ വികസനത്തിനും, ഐക്യത്തിനുമായി ഷെയ്ഖ് സബാഹ് നേതൃത്വം നൽകിയ പ്രവർത്തങ്ങളോടും, അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹത്തിന്റെ ആശയങ്ങളോടുമുള്ള ആദര സൂചകമായാണ് ഈ നടപടി. കുവൈറ്റിന്റെ അറുപതാമത് ദേശീയ ദിനത്തിന്റെ വേളയിലാണ് ഫെബ്രുവരി 25-ന് ദുബായ് ഭരണാധികാരി ഈ തീരുമാനം അറിയിച്ചത്.
ബർ ദുബായിലെ പ്രധാന വീഥികളിലൊന്നാണ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്. അൽ സീഫ് മുതൽ 2nd ഡിസംബർ സ്ട്രീറ്റ് വരെ നാല് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ദുബായിലെ വിവിധ സാംസ്‌കാരിക, ചരിത്ര, ടൂറിസ്റ്റ് ഇടങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്. അൽ മൻഖൂൽ സ്ട്രീറ്റിനെ ഷെയ്ഖ് സബാഹ് സ്ട്രീറ്റ് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി, ഇവിടെ സ്ഥിതിചെയ്തിരുന്ന 55 ദിശാസൂചികകൾ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
WAM