ദുബായ്: 2022 ജൂൺ 20 മുതൽ പുതിയ മെട്രോ ലിങ്ക് സർവീസ് ആരംഭിക്കുമെന്ന് RTA

GCC News

2022 ജൂൺ 20 മുതൽ ഒരു പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. എമിറേറ്റിലെ പൊതുഗതാഗത ബസ് സേവന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

F57 എന്ന ഈ പുതിയ മെട്രോലിങ്ക് ബസ് ജബൽ അലി മെട്രോ സ്റ്റേഷനിൽ നിന്ന് ബ്ലൂവാട്ടേഴ്സ് ഐലണ്ടിലേക്ക് സർവീസ് നടത്തുന്നതാണ്. തിരക്കേറിയ സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും ഒരു ബസ് എന്ന രീതിയിലാണ് ഈ റൂട്ടിൽ സർവീസ് ഏർപ്പെടുത്തുന്നത്. ദുബായിലെ പൊതു ഗതാഗത സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതും, എമിറേറ്റിലെ നഗരവികസനവുമായി പൊതുഗതാഗതത്തെ സംയോജിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ സർവീസെന്ന് RTA പ്ലാനിങ്ങ് ആൻഡ് ബിസിനസ് ഡവലപ്പമെന്റ് വിഭാഗം ഡയറക്ടർ ആദിൽ ഷാകേരി വ്യക്തമാക്കി.

എമിറേറ്റിലെ പൊതുഗതാഗത ബസ് സേവന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജൂൺ 20 മുതൽ നിലവിൽ സർവീസ് നടത്തുന്ന 15 ബസ് റൂട്ടുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 12, 20, 21, 24, 53, 84, 91A, F15, F26, F30, F33, F47, J01, J02, X22 എന്നീ റൂട്ടുകളുടെ സമയക്രമത്തിലാണ് ജൂൺ 20 മുതൽ മാറ്റം വരുത്തുന്നത്.

ഗോൾഡ് സൂഖ് സ്റ്റേഷനിൽ നിന്ന് ദെയ്‌റയിലെ സൂഖ് അൽ മർഫയിലേക്ക് സർവീസ് നടത്തുന്ന SM1 റൂട്ട് ഗോൾഡ് സൂഖിൽ നിന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. ഈ റൂട്ടിലെ അവസാന സർവീസ് സൂഖ് അൽ മർഫ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 3.27-നായിരിക്കുമെന്നും RTA വ്യക്തമാക്കി.